'കൊലപാതകം-എറണാകുളം' എക്സ്പ്രസ്: തീവണ്ടിയുടെ ബോർഡ് കണ്ട് ഞെട്ടി യാത്രക്കാർ, പണി തന്നത് ഗൂഗിൾ വിവർത്തനം
എറണാകുളത്തുനിന്ന് റാഞ്ചിയിലെ ഹട്ടിയയിലേക്ക് ആഴ്ചയിലൊരിക്കൽ സർവീസ് നടത്തുന്ന തീവണ്ടിയുടെ ബോർഡ് കണ്ട് ഞെട്ടി യാത്രക്കാർ. കൊലപാതകം-എറണാകുളം എന്നാണ് ബോർഡിൽ എഴുതിയിരുന്നത്. മുകളിൽ ഹട്ടിയ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. എന്നാൽ മലയാളം എഴുതിയപ്പോഴാണ് ഹട്ടിയ എന്നത് 'കൊലപാതക'മായി മാറിയത്.
ഇത് ബോർഡ് എഴുതാനേൽപ്പിച്ച വിദ്വാന് പറ്റി അമളിയാണെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. ഹട്ടിയ എന്നതിന്റെ മലയാളം ഗൂഗിളിൽ തിരഞ്ഞപ്പോൾ കിട്ടിയ പണിയാണ് ഇതെന്നാണ് വിവരം. ഹട്ടിയ എന്നത് മലയാള ലിപിയിൽ എങ്ങനെ എഴുതും എന്ന് ഗൂഗിളിൽ പരിശോധിച്ചപ്പോൾ, 'ഹത്യ' എന്ന ഹിന്ദി പദത്തിന്റെ മലയാള വിവർത്തനം ലഭ്യമായിട്ടുണ്ടാകുമെന്നും അത് ബോർഡിൽ ചേർത്തിരിക്കാം എന്നുമാണ് കരുതുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ റെയിൽവേ അധികൃതർ ബോർഡ് മറയ്ക്കുകയും പിന്നീട് നീക്കം ചെയ്യുകയുമുണ്ടായെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ അതിന്റെ ഫോട്ടോകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.