മദ്യപാനിയെ കല്യാണം കഴിക്കുന്ന പെണ്ണിന് 2 ലക്ഷം; 'മദ്യപ്രേമികൾ' എന്നു വിളിക്കണം, ആവശ്യങ്ങളുമായി മന്ത്രിക്കു മുന്നിൽ കുടിയന്മാർ
കേരളസർക്കാരിന്റെ വരുമാനത്തിന്റെ നട്ടെല്ല് കുടിയന്മാരാണെന്ന് തമാശരൂപേണ വലിയൊരു സത്യം പലരും തുറന്നുപറയാറുണ്ട്. കേരളത്തിലെ കുടിയന്മാരെല്ലാം രണ്ടു മാസം കുടി നിർത്തിയാൽ സംസ്ഥാനസർക്കാരിന്റെ സാമ്പത്തികനില താറുമാറാകും. പറഞ്ഞുവരുന്നത് കർണാടകയിലെ കുടിയന്മാരുടെ കാര്യമാണ്. മദ്യമല്ല, കർണാടകയുടെ മുഖ്യവരുമാന സ്രോതസ് എങ്കിലും വിനോദസഞ്ചാരമേഖലയിൽ മദ്യവ്യവസായം പൊടിപൊടിക്കുന്നുണ്ട്.
കർണാടകയിലെ കുടിയന്മാരുടെ സംഘടനയുടെ ആവശ്യങ്ങളാണ് എല്ലാവരിലും കൗതുകമായിരിക്കുന്നത്. കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു കൂട്ടം പ്രതിഷേധക്കാർ വ്യാഴാഴ്ച നടത്തിയ സമരം വ്യാപകശ്രദ്ധ നേടി. തൊഴിൽ മന്ത്രി സന്തോഷ് ലാഡും അംഗങ്ങളെ കാണാനും അവരുടെ പരാതികൾ കേൾക്കാനും കുറച്ചു സമയം എടുത്തു.
കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻറെ ആവശ്യങ്ങൾ ബന്ധപ്പെട്ട വകുപ്പിൻറെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തു.
'കഠിനാധ്വാനം ചെയ്യുക, സത്യം പറയുക, അൽപ്പം കുടിക്കുക, വീട്ടിലേക്ക് നടക്കുക' എന്നെഴുതിയ ബാനറുമായാണ് അംഗങ്ങൾ പ്രതിഷേധിക്കാനെത്തിയത്. അവരുടെ ആവശ്യങ്ങൾ:
1. 'കുടിയൻ' എന്ന വാക്ക് നിരോധിക്കണം. പകരം 'മദ്യപ്രേമികൾ' എന്നാക്കി മാറ്റണം
2. മദ്യപാനികൾക്കായി ക്ഷേമനിധി രൂപീകരിക്കണം
3. മദ്യവിൽപ്പനയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൻറെ 10 ശതമാനം കുടിയന്മാരുടെ ക്ഷേമത്തിനായി മാറ്റിവയ്ക്കണം
4. കരൾ തകരാറിലായാൽ സർക്കാർ ചെലവ് വഹിക്കണം
5. ബാറുകളിൽ ശുചിത്വം പാലിക്കണം
6. ബാറുകൾക്ക് സമീപം ആംബുലൻസ് സ്ഥാപിക്കണം
7. മദ്യപ്രേമികളുടെ ഭവനം നിർമിക്കണം.
8. ഡിസംബർ 31 മദ്യപ്രേമികളുടെ ദിനമായി പ്രഖ്യാപിക്കണം
9. മദ്യപ്രേമി മരണപ്പെട്ടാൽ കുടുംബത്തിന്, മദ്യപിച്ച് വാഹനമോടിച്ചിതിൽ ശേഖരിക്കുന്ന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ നൽകണം.
10. മദ്യപാനികളെ വിവാഹം കഴിക്കുന്ന വധുവിന് രണ്ട് ലക്ഷം രൂപ നൽകണം.