സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല; അതൃപ്തിയെന്ന് സൂചന, പ്രധാനമന്ത്രിയെ അറിയിക്കും
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല. സുരേഷ് ഗോപിയെ അറിയിക്കാതെയായിരുന്നു നിയമനമെന്നാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരിൽ സ്ഥാനാർത്ഥിയായി ബിജെപി അനൗദ്യോഗികമായി അദ്ദേഹത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. കരുവന്നൂർ കേസിൽ പദയാത്ര പ്രഖ്യാപിച്ചിരിക്കെയാണ് പ്രഖ്യാപനം വന്നത്. പദവി വഹിക്കുന്നത് സജീവ രാഷ്ട്രീയത്തിന് തടസമാകുമോയെന്നും സുരേഷ് ഗോപി സംശയിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച അതൃപ്തി പ്രധാനമന്ത്രിയെ അറിയിച്ചേക്കും.
അതേസമയം സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അധ്യക്ഷനായി നിയമിച്ചതിൽ പ്രതിഷേധം. നിയമനത്തിൽ കടുത്ത വിയോജിപ്പ് അറിയിച്ച് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി യൂണിയൻ പ്രസ്താവന പുറത്തിറക്കി. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അടുത്തു പ്രവർത്തിക്കുന്ന ബിജെപി നേതാവിനെ അധ്യക്ഷനായി നിയമിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് യൂണിയൻ അറിയിച്ചു.