ബില്ലുകളിൽ തീരുമാനമെടുത്തില്ല; തമിഴ്നാട് ഗവർണർക്കെതിരെ വിമർശനവുമായി സുപ്രീം കോടതി
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന തമിഴ്നാട് ഗവർണർ ആർ എൻ രവിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. 2020 മുതൽ ബില്ലുകളിൽ ഒപ്പിടാതെ വച്ചിരിക്കുകയാണെന്നും എന്താണ് ഗവർണർ ഈ മൂന്ന് വർഷവും ചെയ്തതെന്നും കോടതി ചോദിച്ചു. ഗവർണർക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.
കോടതി നോട്ടീസ് അയച്ചതിന് ശേഷമാണ് ഗവർണർ ബില്ലുകളിൽ ചിലത് മടക്കിയതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഗവർണർക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിന് ഡിസംബർ ഒന്നിലേക്ക് കോടതി കേസ് മാറ്റുകയും ചെയ്തു.
ഗവർണറുടെ പരിഗണനയിലുള്ള ബില്ലുകളിൽ ചിലതിൽ അദ്ദേഹം തീരുമാനമെടുത്തെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇവ തിരിച്ചയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവർണർക്കെതിരേ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി പരിഗണനയിലിരുന്ന ബില്ലുകളാണ് ഗവർണർ ഇപ്പോൾ തിരിച്ചയച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. കോടതിയുടെ ഇടപെടലിന് ശേഷമാണ് ഇത്തരത്തിലൊരു നടപടി തമിഴ്നാട് ഗവർണറുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.
എന്നാൽ, ഗവർണർ എന്ന പദവിയിലിരിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം, നിയമസഭ പാസാക്കുന്ന എല്ലാ ബില്ലുകളും സാങ്കേതികാർത്ഥത്തിൽ ഒപ്പുവയ്ക്കാനുള്ള കടമയല്ല ഉള്ളതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കോടതിയിൽ ഉന്നയിച്ചു. എല്ലാ വശങ്ങളും നോക്കിയ ശേഷമേ അദ്ദേഹത്തിന് ബില്ലിൽ ഒപ്പിടാൻ സാധിക്കൂവെന്നും അറ്റോർണി ജനറൽ കൂട്ടിച്ചേർത്തു.