കനത്ത മഴ; രജനികാന്തിന്റെ വീടിന് ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടു
ചെന്നൈയില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ നടൻ രജനീകാന്തിന്റെ വീട് ഉള്‍പ്പടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് രൂക്ഷമായി. പോയസ് ഗാര്‍ഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെള്ളം കയറിയത്. മഴ കനത്തതോടെ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകര്‍ന്നത് വെള്ളം ഉയരാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷുമുണ്ടായ മൈക്കൗണ്ട് ചുഴലിക്കാറ്റിന്റെ സമയത്തും രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയര്‍ന്നിരുന്നു.
ഇപ്പോൾ നടന്റെ വീടിന് ചുറ്റുമുള്ള വെള്ളം പമ്പ് ചെയ്ത് കളയാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഇന്നലെ മുതലാണ് നഗരത്തില്‍ മഴ കനത്തത്. ഇതേതുടര്‍ന്ന് ചെന്നൈയിലും പരിസര ജില്ലകളിലും ജനജീവിതം ദുരിതത്തിലാക്കികൊണ്ട് വെള്ള കയറപകയായിരുന്നു. തുടർന്നുണ്ടായ ഗതാഗത തടസ്സവും രൂക്ഷമായിരിക്കുകയാണ്. കനത്ത മഴ തുടരുമെന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്ത രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലും കനത്ത മഴയാണ്. ജാഗ്രതയുടെ ഭാഗമായി പല വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.