75-ാം ജന്മദിനത്തിന് ശേഷം മോദി വിരമിച്ചില്ലെങ്കിൽ മറ്റു വഴികളിലൂടെ അധികാരം നഷ്ടപ്പെടും: സുബ്രഹ്‌മണ്യൻ സ്വാമി
കുറച്ചുനാളുകളായി മുൻ കേന്ദ്രമന്ത്രിയും ബിജെ.പി നേതാവുമായ സുബ്രഹ്‌മണ്യൻ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരന്തരം വിമർശനങ്ങളുയർത്തുകയാണ്. ഇപ്പോഴിതാ മോദിയുടെ 74-ാം പിറന്നാളിനു മുന്നോടിയായി വീണ്ടും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചിരിക്കുകയാണ് സുബ്രഹ്‌മണ്യൻ സ്വാമി. 75-ാം വയസിൽ മോദി വിരമിച്ചില്ലെങ്കിൽ അദ്ദേഹത്തിന് മറ്റു മാർഗങ്ങളിലൂടെ കസേര നഷ്ടപ്പെടുമെന്ന് സ്വാമി മുന്നറിയിപ്പ് നൽകി. വരുന്ന സെപ്തംബർ 17നാണ് പ്രധാനമന്ത്രിയുടെ 74-ാം ജൻമദിനം. 2025ൽ 75 തികയും.
'ആർ.എസ്.എസ് പ്രചാരകന്റെ സംസ്‌കാരത്തോട് പ്രതിബദ്ധതയുള്ള മോദി തന്റെ 75-ാം ജന്മദിനത്തിന് ശേഷം സെപ്തംബർ 17-ന് വിരമിക്കൽ പ്രഖ്യാപിച്ചില്ലെങ്കിൽ, മറ്റ് വഴികളിലൂടെ അദ്ദേഹത്തിന് പ്രധാനമന്ത്രി കസേര നഷ്ടപ്പെടും.' സ്വാമി എക്‌സിൽ കുറിച്ചു. മോദിയുടെ കടുത്ത വിമർശകനായ സ്വാമി കഴിഞ്ഞയാഴ്ച ജിഡിപിയുടെ കാര്യത്തിൽ കേന്ദ്രത്തെ വിമർശിച്ചിരുന്നു. ജിഡിപി വളർച്ചയെക്കുറിച്ചുള്ള മോദി സർക്കാരിന്റെ അവകാശവാദം പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നാണ് സ്വാമി പറഞ്ഞത്.
75 വയസായാൽ വിരമിക്കണമെന്നാണ് ബി.ജെ.പിയിലെ അലിഖിത നയം. 2014ൽ മോദി അധികാരത്തിലെത്തിയപ്പോൾ നടപ്പാക്കിയ നയമാണിത്. 2014-ലെ തെരഞ്ഞെടുപ്പിൽ പല മുതിർന്ന നേതാക്കൾക്കും സീറ്റ് കിട്ടിയിരുന്നില്ല. എൽ.കെ. അഡ്വാനിയും സുമിത്ര മഹാജനും ആനന്ദി ബെന്നും മുരളി മനോഹർ ജോഷി വരെ ഈ മാനദണ്ഡപ്രകാരം മാറി. ഈ പ്രായത്തിനു മുകളിലുള്ളവർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടെന്നും ഭരണഘടനാപദവി കൈകാര്യം ചെയ്യേണ്ടതില്ലെന്നുമുള്ളത് പാർട്ടി നയമായി സ്വീകരിച്ചിട്ടുണ്ടെന്ന് അമിത്ഷാ നേരത്തെ പരസ്യമായി സമ്മതിച്ചിരുന്നു. അതുകൊണ്ട് തന്നെ 75 വയസായാൽ മോദി വിരമിക്കുമോ എന്ന ചോദ്യം കുറച്ചുനാളുകളായി പ്രതിപക്ഷം ഉയർത്തുന്നുണ്ട്.