വിചാരിച്ചതുപോലെ സെയ്ഫല്ല സിഎൻജി; സിഎൻജി വാഹനങ്ങൾ കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതായി പഠനം
കംപ്രസ്‍ഡ് നാച്ചുറൽ ഗ്യാസ് അഥവാ സിഎൻജി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ മലിനീകരണം കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ സിഎൻജി വാഹനങ്ങൾ നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന് ഇൻറർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷൻ്റെ പുതിയ പഠനം പറയുന്നു. സിഎൻജിയിൽ ഓടുന്ന വാഹനങ്ങൾ ഉയർന്ന തോതിൽ നൈട്രജൻ ഓക്സൈഡ് പുറത്തുവിടുമെന്നാണ് പഠനം കണ്ടെത്തിയത്. സ്വകാര്യ വാഹനങ്ങളെ അപേക്ഷിച്ച് വാണിജ്യ വാഹനങ്ങളാണ് കൂടുതൽ മലിനീകരണമുണ്ടാക്കുന്നത്.
ബിഎസ്-6 സിഎൻജി ടാക്‌സികളും ലൈറ്റ് ഗുഡ്‌സ് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളേക്കാൾ യഥാക്രമം 2.4 മുതൽ അഞ്ച് മടങ്ങുവരെ നൈട്രജൻ ഓക്‌സൈഡുകൾ പുറന്തള്ളുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ സിഎൻജി വാഹനങ്ങളുടെ എണ്ണം തുടർച്ചായി വർദ്ധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. മികച്ച മൈലേജിനായി പലരും ഇന്ന് സിഎൻജി വാഹനങ്ങളെയാണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ സിഎൻജിയുടെ വില പെട്രോളിൻ്റെയും ഡീസലിൻ്റെയും പകുതിയായിരുന്നു. എന്നാൽ ഇപ്പോൾ ഡിമാൻഡ് കൂടുന്നതിനനുസരിച്ച് സിഎൻജിയുടെ വിലയും വർദ്ധിക്കുകയാണ്.