പഠന സമ്മർദം കുറയും; 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ രണ്ട് തവണ എഴുതാം
2025-26 അധ്യയന വർഷം മുതൽ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ എഴുതാനാവുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലുള്ള ശുപാർശ പ്രകാരമുള്ള മാറ്റമാണിത്. വിദ്യാർഥികളുടെ പഠന സമ്മർദം കുറയ്ക്കാനാണ് മാറ്റം കൊണ്ടുവരുന്നതെന്നും ഛത്തീസ്ഗഡിൽ പിഎം ശ്രീ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിൽ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ കരിക്കുലം ഫ്രെയിംവർക്കിലാണ് വർഷത്തിൽ രണ്ടു തവണ ബോർഡ് പരീക്ഷ നടത്താൻ നിർദേശമുള്ളത്. വിദ്യാർഥികൾക്ക് പരീക്ഷയ്ക്കായുള്ള തയാറെടുപ്പ് നടത്താൻ കൂടുതൽ സമയം നൽകുക എന്നതാണ് ഉദ്ദേശ്യം. വേണമെങ്കിൽ രണ്ടു തവണയും പരീക്ഷയെഴുതാൻ അവസരം ലഭിക്കും. ഫലം നിർണയിക്കുന്നതിനായി മികച്ച മാർക്ക് പരിഗണിക്കും. എന്നാൽ എല്ലാ സംസ്ഥാനങ്ങളും ഇത്തരത്തിൽ രണ്ടു തവണ പരീക്ഷ നടത്തണമെന്ന് നിർബന്ധമില്ല.
വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കാനായി വർഷത്തിൽ ബാഗില്ലാത്ത (ബാഗ്ലെസ്) 10 ദിവസങ്ങൾ അനുവദിക്കണമെന്നും കലാ, സാംസ്‌കാരിക, കായിക പരിപാടികൾ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശമുണ്ട്.