Begin typing your search...

കൂട്ടബലാത്സംഗംചെയ്ത കേസിൽ എല്ലാപ്രതികളും പിടിയിൽ; ഇന്ത്യക്കാരെ മുഴുവൻ കുറ്റപ്പെടുത്തേണ്ടെന്ന് വിദേശവനിത

കൂട്ടബലാത്സംഗംചെയ്ത കേസിൽ എല്ലാപ്രതികളും പിടിയിൽ; ഇന്ത്യക്കാരെ മുഴുവൻ കുറ്റപ്പെടുത്തേണ്ടെന്ന് വിദേശവനിത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജാർഖണ്ഡിൽ സ്പാനിഷ് വനിതയെ കൂട്ടബലാത്സംഗംചെയ്ത കേസിൽ എല്ലാപ്രതികളും പിടിയിലായി. കഴിഞ്ഞദിവസമാണ് കേസിൽ ഉൾപ്പെട്ട അഞ്ചുപ്രതികളേക്കൂടി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ എട്ടുപ്രതികളും അറസ്റ്റിലായി. അതേസമയം, ബലാത്സംഗത്തിനിരയായ വിദേശവനിതയും ഭർത്താവും നേപ്പാളിലേക്ക് യാത്രതിരിച്ചു. പോലീസ് അകമ്പടിയോടെയാണ് ദമ്പതിമാർ ബൈക്കിൽ നേപ്പാളിലേക്ക് തിരിച്ചത്.

ഭർത്താവിനൊപ്പം ബൈക്കിൽ വിനോദസഞ്ചാരത്തിനെത്തിയ സ്പാനിഷ് വനിതയ്ക്കുനേരേ മാർച്ച് ഒന്നാംതീയതിയാണ് അതിക്രമമുണ്ടായത്. ധുംകയിൽ രാത്രി ക്യാമ്പ് ചെയ്യുന്നതിനിടെ ഏഴുപേർ ചേർന്ന് വനിതയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് ദമ്പതിമാർ പോലീസിൽ വിവരമറിയിച്ചു. കേസിൽ ഉൾപ്പെട്ട മൂന്നുപ്രതികളെയാണ് പോലീസ് ആദ്യം പിടികൂടിയത്. പിന്നാലെ മറ്റുപ്രതികളും പിടിയിലായി. ഏഴുപേരാണ് ബലാത്സംഗം ചെയ്തതെന്നും ഇവർക്ക് സഹായം നൽകിയതാണ് എട്ടാംപ്രതിക്കെതിരേയുള്ള കുറ്റമെന്നും പോലീസ് അറിയിച്ചു.

ബലാത്സംഗത്തിനിരയായ വിദേശവനിതയ്ക്ക് ജില്ലാ ഭരണകൂടം പത്തുലക്ഷം രൂപ നഷ്ടപരിഹരമായി അനുവദിച്ചിരുന്നു. കഴിഞ്ഞദിവസം ജാർഖണ്ഡിൽനിന്ന് മടങ്ങുന്നതിന് മുമ്പ് വിദേശവനിതയും ഭർത്താവും അധികൃതരെ കാണാനെത്തി. കേസിലെ ഇടപെടലിന് അധികൃതരെ അഭിനന്ദിച്ചു. ഇവർക്കൊപ്പം സെൽഫിയെടുത്ത ശേഷമാണ് ദമ്പതിമാർ ധുംകയിൽനിന്ന് മടങ്ങിയത്. ബിഹാർ അതിർത്തിവരെ ദമ്പതിമാർക്ക് അകമ്പടിയായി പോലീസുണ്ടായിരുന്നു. തുടർന്ന് നേപ്പാൾവരെ ബിഹാർ പോലീസും ഇവർക്ക് സുരക്ഷ ഉറപ്പാക്കും.

അതേസമയം, തനിക്കെതിരേ അതിക്രമം കാട്ടിയവരെ മാത്രം കുറ്റപ്പെടുത്തിയാൽ മതിയെന്നും ഇതിന്റെ പേരിൽ ഇന്ത്യക്കാരെ മുഴുവൻ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ബലാത്സംഗത്തിനിരയായ വിദേശവനിത മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയിലെ വിവിധഭാഗങ്ങളിലൂടെ സഞ്ചരിച്ചു. നല്ലവരായ നിരവധി മനുഷ്യരെ കണ്ടു. മനോഹരമായ ഒരു സ്ഥലമായതിനാലാണ് രാത്രി അവിടെ തങ്ങാമെന്ന് തീരുമാനിച്ചത്. ഭയാനകമായ ആ സംഭവം മറക്കാൻ പ്രയാസമായിരിക്കും. എന്നാൽ, അത് മറന്ന് മുന്നോട്ടുപോകണം. ഇത്തരം സംഭവങ്ങൾ യാത്രചെയ്യുന്നതിന് തടസ്സമാകരുത്. താൻ യാതൊരു ഭയവുമില്ലാതെ യാത്രകൾ തുടരുമെന്നും വിദേശവനിത പ്രതികരിച്ചു.

WEB DESK
Next Story
Share it