ബെന്നാർഘട്ട പാര്‍ക്കില്‍ പുള്ളിമാനുകള്‍ കൂട്ടത്തോടെ ചത്തു
ബെന്നാർഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ പുള്ളിമാനുകള്‍ അണുബാധയെ തുടർന്ന് കൂട്ടത്തോടെ ചത്തു. വെള്ളിയാഴ്ച വരെയായി 19 മാനുകളാണ് അണുബാധയെതുടര്‍ന്ന് ചത്തതെന്ന് അധികൃതര്‍ അറിയിച്ചു. വൈറസ് ബാധയെതുടര്‍ന്ന് പുലിക്കുഞ്ഞുങ്ങള്‍ ചത്തതിന് പിന്നാലെയാണ് മാനുകളും കൂട്ടത്തോടെ ചത്തത്.
കഴിഞ്ഞമാസമായാണ് സെന്‍റ് ജോണ്‍സ് ഹോസ്പിറ്റലിലെ സെന്‍ട്രല്‍ ആനിമല്‍ ഹൗസില്‍നിന്ന് 37 പുള്ളിമാനുകളെ ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയത്. ഇതില്‍ കുടല്‍ വീക്കത്തെതുടര്‍ന്നുള്ള അണുബാധയെതുടര്‍ന്നും മാനുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലുമായി കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് 16 മാനുകള്‍ ചത്തത്. സംഭവത്തെതുടര്‍ന്ന് കര്‍ണാടക വനം പരിസ്ഥിതി മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലെത്തി ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലും അതീവ ജാഗ്രത പാലിക്കണമെന്നും മൃഗങ്ങളില്‍ രോഗബാധയുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും അധികൃതര്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും മന്ത്രി നല്‍കി.