തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിനു സ്റ്റേ ഇല്ല, ഹര്‍ജി 21ലേക്കു മാറ്റി
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിച്ച നടപടി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവിലൂടെ നിയമത്തെ സ്റ്റേ ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഹർജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
രണ്ടു തെരഞ്ഞെടുപ്പു കമ്മിഷണർമാരെ പുതിയ നിയമം അനുസരിച്ച് നിയമിച്ചതിനെ ചോദ്യം ചെയ്താണ് ഹർജികൾ. ഹർജി വന്നതിനു ശേഷം നിയമന സമിതി ഒരു ദിവസം നേരത്തെ യോഗം ചേർന്നു തീരുമാനമെടുത്തതായി ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. ഇക്കാര്യം പ്രത്യേക അപേക്ഷയായി നൽകാൻ കോടതി നിർദേശിച്ചു.
പുതിയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള നിയമന കമ്മിറ്റിയാണ് പുതിയ നിയമപ്രകാരം ഉള്ളത്. കോടതി ഉത്തരവ് മറികടക്കാനാണ് പുതിയ നിയമം കൊണ്ടുവന്നത് എന്നാണ് ഹർജിക്കാരുടെ വാദം.