ഇവൻ ശാസ്ത്രജ്ഞൻ തന്നെ..! തട്ടുകടക്കാരന്‍റെ പുതിയ കണ്ടുപിടിത്തം "പെപ്സിച്ചായ'
വിചിത്രമായി തോന്നുന്ന, എന്നാൽ നല്ലതായി മാറിയേക്കാവുന്ന വിവിധ ഫുഡ്കോമ്പിനേഷനുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകാം. അത്തരം നിരവധി പരീക്ഷണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ഫ്രൈഡ് ഐസ്ക്രീം, കാപ്പിച്ചോർ, പാൻ മസാലദോശ, ഡീസൽ പൊറോട്ട എന്നിവയെല്ലാം അടുത്തിടെ ഇന്‍റർനെറ്റിൽ പ്രത്യക്ഷപ്പെട്ട വിഭങ്ങളാണ്.
സ്വീകരിച്ചാലും ഇല്ലെങ്കിലും ഇപ്പോൾ ഒരു സ്പെഷൽ ചായ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. "പെപ്സിച്ചായ' ആണു താരം. അതായത് പെപ്സി ഉപയോഗിച്ചു തയാറാക്കുന്ന ചായ! തെലങ്കാനയിലാണു സംഭവം. എന്നാൽ നഗരം ഏതെന്നു വ്യക്തമല്ല. വീഡിയോ ആരംഭിക്കുന്പോൾ പാത്രത്തിലേക്കു പാലും തേയിലയും പഞ്ചസാരയും ചേർക്കുന്നതു കാണാം. തുടർന്ന് തട്ടുകടക്കാരൻ അതിലേക്ക് ഒരു കുപ്പി പെപ്സി ഒഴിക്കുന്നു. എന്നിട്ട് നന്നായി ഇളക്കുന്നു. തുടർന്ന് ചായ എന്നു വിളിക്കുന്ന "പാനീയം' ഗ്ലാസുകളിലേക്ക് ഒഴിക്കുന്നു. രുചികരമായ ചായ ആണെന്ന് കടക്കാരൻ അവകാശപ്പെടുന്നു.
"പെപ്സിച്ചായ' തയാറാക്കുന്നതുകണ്ടു ഞെട്ടിപ്പോയെന്ന് നെറ്റിസൺസ് പ്രതികരണങ്ങളിൽ രേഖപ്പെടുത്തി. പാനീയത്തിനെതിരേ വമ്പൻ ട്രോളുകളാണ് പുറത്തുവന്നിരിക്കുന്നത്. ചായയുടെയും ശീതളപാനീയത്തിന്‍റെയും വിചിത്രമായ കോമ്പിനേഷൻ ഭൂരിഭാഗത്തിനും സ്വീകാര്യമായി തോന്നിയില്ല.