വളർത്തു മൃഗങ്ങളുമായി പുറത്തിറങ്ങുന്നവർക്ക് നിയന്ത്രണം ; നടപടിയുമായി ചെന്നൈ കോർപറേഷൻ
ചെന്നൈ വളർത്തുമൃഗങ്ങളുമായി പുറത്തിറങ്ങുന്നവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി ചെന്നൈ കോർപ്പറേഷൻ. അടുത്തിടെ നഗരത്തിലെ പാർക്കിൽ വെച്ച് അഞ്ചു വയസുകാരിയെ റോട്ട് വീലർ നായ്ക്കൾ അക്രമിച്ചതിനെ തുടർന്നാണ് നടപടി.
ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ പരിധിയിലെ പൊതുഇടങ്ങളിലും പാർക്കുകളിലും വളർത്തുമൃഗങ്ങളുമായി പ്രത്യേകിച്ച് നായ്ക്കളുമായി പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. പുതുക്കിയ നിയമങ്ങൾ അനുസരിച്ച് പാർക്കിനുള്ളിൽ വളർത്തുമൃഗങ്ങളുമായെത്തുമ്പോൾ അവയെ കെട്ടിയിടണം. ഒരാൾ ഒരേ സമയം ഒരു വളർത്തുമൃഗത്തെ മാത്രമേ പാർക്കിലേക്ക് കൊണ്ടുവരാവു. പെറ്റ് ലൈസൻസും നിർബന്ധമാക്കിയിട്ടുണ്ടെന്ന് ചെന്നൈ കോർപ്പറേഷൻ അറിയിപ്പിൽ പറയുന്നു.
ഞായറാഴ്ചയാണ് ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് ഏരിയയിലെ പൊതു പാർക്കിൽ അഞ്ചുവയസ്സുകാരിയെ രണ്ട് റോട്ട്‌വീലർ നായ്ക്കൾ ആക്രമിച്ചത്. അക്രമം ഉണ്ടായിട്ടും കുട്ടിയെ രക്ഷിക്കാനോ നായ്ക്കളെ നിയന്ത്രിക്കാനോ ഉടമ ഇടപെട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നായ്ക്കൾ കുട്ടിയുടെ അമ്മയെയും അക്രമിച്ചു. പാർക്കിൽ കളിച്ചുകൊണ്ടിരുന്നതിനിടയിലാണ് പെൺകുട്ടിയെ നായ്ക്കൾ അക്രമിച്ചത്. കുട്ടിയുടെ തലയോട്ടിയിൽന നീളത്തിൽ മുറിവുള്ളതായി കുട്ടിയെ ചികിത്സിച്ച ഡോ.ജെ.രാധാകൃഷ്ണൻ പറഞ്ഞു. പട്ടിയുടെ ഉടമയുൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.