രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ലഹരി ഉപയോഗിച്ചാണ് എത്തുന്നതെന്ന് കങ്കണ റണാവത്ത്
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കടുത്ത പരാമര്‍ശങ്ങളുമായി ബിജെപി എംപി കങ്കണ റണാവത്ത്. രാഹുല്‍ മദ്യപിച്ച്, അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ചാണ് പാര്‍ലമെന്റില്‍ എത്തുന്നതെന്നായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം. രാഹുല്‍ നേരത്തെ അനുരാഗ് താക്കൂറിനെ വിമര്‍ശിച്ചതിനായിരുന്നു കങ്കണയുടെ പരിഹാസം നിറഞ്ഞ മറുപടി.
രാഹുലിന്റെ ജാതി പരാമര്‍ശത്തെ പരിഹസിച്ചാണ് ആദ്യം കങ്കണ രംഗത്തുവന്നത്. രാഹുലിന്റെ മുത്തച്ഛന്‍ മുസ്ലീമാണ്. അമ്മ ക്രിസ്ത്യാനിയും. രാഹുലിന് പക്ഷേ എല്ലാവരുടെയും ജാതി അറിയാനാണ് താത്പര്യം. പരസ്യമായി രാഹുല്‍ എങ്ങനെയാണ് ജാതി ചോദിക്കുക. നാണക്കേട് തോന്നുന്നുവെന്നും കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
രാഹുല്‍ ഭരണഘടനയെ എപ്പോഴും മോശമാക്കുന്ന പരാമര്‍ശമാണ് നടത്തുകയെന്ന് കങ്കണ ആരോപിച്ചു. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തുന്ന സാഹചര്യവും അദ്ദേഹം ഉന്നയിക്കുന്ന കാര്യങ്ങളും കേട്ടാല്‍ മനസിലാവും, എപ്പോഴും മദ്യപിച്ചിട്ടുണ്ടാവുമെന്ന്. ഇത്രയും അസംബന്ധം വിളിച്ചുപറയുന്നതിനാല്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കങ്കണ പറഞ്ഞു.