പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാൾ; ആയുരാരോഗ്യവും സന്തോഷവും നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73ആം പിറന്നാള്‍ ദിനം. രാജ്യവ്യാപകമായി രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് ബി ജെ പി സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കുറി പിറന്നാള്‍ ആഘോഷത്തിനൊപ്പം പ്രധാനമന്ത്രി കസേരയില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് വര്‍ഷത്തിനിപ്പുറം 1950 സെപ്തംബര്‍ 17നാണ് നരേന്ദ്ര മോദിയുടെ ജനനം .ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗറില്‍ ദാമോദര്‍ദാസ് മോദിയുടെയും ഹീര ബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമനായി ജനനം. ചെറുപ്പകാലം മുതല്‍ ആര്‍എസ്എസ് അംഗമായിരുന്നു. 1987ല്‍ ബിജെപി ജനറല്‍ സെക്രട്ടറിയായി. 2001 മുതല്‍ 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രി. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. 2019ല്‍ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രക്തദാന ആരോഗ്യപരിശോധനാ ക്യാംപുകള്‍, ശുചീകരണ യജ്ഞം തുടങ്ങി വിപുലമായ പരിപാടികള്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കും. ഇന്നു മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്‌റ്റോബര്‍ രണ്ടു വരെ 16 ദിവസം നീളുന്ന 'സേവാ ഹി സംഘാതന്‍' പരിപാടിയില്‍ പാര്‍ശ്വത്കരിക്കപ്പട്ടവരുടെ ക്ഷേമത്തിനും സാമൂഹികസേവനങ്ങള്‍ക്കുമാണ് മുന്‍ഗണന.ജന്മദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്ത് നിരവധി വികസന സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കരകൗശല വിദഗ്ധരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള പി എം വിശ്വകര്‍മ കൗശല്‍ യോജനക്ക് ഇന്ന് മോദി തുടക്കം കുറിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. ആയുരാരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്നും മുഖ്യമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.