കുമാരിമാരെ കീറിപ്പറിഞ്ഞ ജീൻസ് ഫാഷൻ ക്യാംപസിൽ വേണ്ട; വിലക്കുമായി ചില കോളജുകൾ
കോളജ് കുമാരിമാരുടെ ഫാഷൻ വസ്ത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. പുത്തൻ ട്രെൻഡ് വസ്ത്രങ്ങൾ ധരിക്കുന്നതിൽ അവർ മടി കാണിക്കാറില്ല. ശരീരഭാഗങ്ങൾ കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും മടി കാണിക്കാറില്ല. ക്യാമ്പസുകളിൽ വസ്ത്രധാരണത്തിൽ വലിയ നിയന്ത്രണങ്ങളൊന്നുമില്ലെങ്കിലും ചിലപ്പോൾ ചില മാനേജ്മെന്റുകൾ നിബന്ധനകൾ വയ്ക്കാറുണ്ട്. അതാകട്ടെ പലപ്പോഴും വിമർശനങ്ങൾ ക്ഷണിച്ചുവരുത്താറുമുണ്ട്.
കോൽക്കത്തയിലെ എജെസി ബോസ് കോളജിൽ പുതുതായി ചേർന്ന വിദ്യാർഥികൾക്ക് വസ്ത്രധാരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. അസഭ്യമായരീതിയിൽ വസ്ത്രം ധരിച്ച് കോളജിൽ വരില്ലെന്ന സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങുകയായിരുന്നു കോളജ് അധികൃതർ. കീറിപ്പറിഞ്ഞ രീതിയിലുള്ള ജീൻസ് ധരിക്കരുതെന്നു പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
തികച്ചും ഔപചാരികമായ വസ്ത്രങ്ങൾ മാത്രമേ കോളജിൽ സ്വീകാര്യമാകൂ എന്നാണ് കോളജ് ഉത്തരവ്. ഈ കോളജിൽ ഇതാദ്യമായിട്ടല്ല നിയന്ത്രണമെന്നു പറയുന്നു. കഴിഞ്ഞവർഷവും കീറിപ്പറിഞ്ഞ ജീൻസിന് വിലക്ക് കൽപ്പിച്ചിരുന്നു. എന്നാൽ, വിദ്യാർഥികൾ അതു ധരിക്കുന്നത് തുടർന്നു. അതോടെയാണ് സത്യവാങ്മൂലം വാങ്ങുന്നതടക്കം കർശന നടപടികളിലേക്കു മാനേജ്മെന്റ് കടന്നത്. വിദ്യാർഥികളുടെ വസ്ത്രധാരണത്തിൽ അവരുടെ മാതാപിതാക്കളോടും അധികൃതർ ഉറപ്പ് വാങ്ങുന്നുണ്ട്.