തട്ടിക്കൊണ്ടുപോയയാളെ വിട്ടുപിരിയാതെ കുഞ്ഞ്, അമ്മയെ വേണ്ട, പൊലീസ് സ്റ്റേഷനിൽ നാടകീയരംഗം
തന്നെ തട്ടിക്കൊണ്ടുപോയയാളെ വിട്ടുപിരിയാൻ കൂട്ടാക്കാതെ രണ്ടു വയസുകാരൻ. 14 മാസങ്ങൾക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ പൊലീസ് കണ്ടെത്തി അമ്മയ്ക്ക് കൈമാറവെയാണ് രാജസ്ഥാനിലുള്ള ജയ്പ്പൂരിലെ പൊലീസ് സ്റ്റേഷനിൽ വളരെ നാടകീയവും വൈകാരികവുമായ രംഗം അരങ്ങേറിയത്. മുമ്പ് അലിഗഡിലെ റിസർവ് പൊലീസ് ലൈനിൽ ഹെഡ് കോൺസ്റ്റബിളായിരുന്ന തനൂജ് ചഹാറാണ് പ്രിഥ്വി എന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പിന്നാലെ പൊലീസിൽ നിന്നും രക്ഷപ്പെടാൻ ഇയാൾ നിരന്തരം വേഷം മാറി. ഫോൺ തീരെ ഉപയോഗിക്കാതെയായി.
കുഞ്ഞുമൊത്ത് വൃന്ദാവനിലെ യമുനാ നദിക്ക് സമീപത്തുള്ള കുടിലിൽ താമസിച്ചിരുന്ന തനൂജ് പലരോടും ഇത് തന്റെ മകനാണെന്നാണ് പറഞ്ഞിരുന്നത്. പിടിയിലായ ശേഷം ബലം പ്രയോഗിച്ചാണ് കുട്ടിയെ ഇയാളിൽ നിന്നും വേർപ്പെടുത്തി അമ്മയെ ഏൽപ്പിച്ചത്. കുട്ടിയുടെ അമ്മയായ പൂനത്തിനോട് തനൂജ് നേരത്തെ ഇയാളുടെ കൂടെ വന്ന് താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൂനം തായാറാകാഞ്ഞതോടെ അവരെ ഇയാൾ ഭീഷണിപ്പെടുത്തുകയും കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.