ന്യൂസ് ക്ലിക്കിനെതിരായ കേസിൽ നെവിൽ റോയ് സിംഘത്തിന് ഇ.ഡി. നോട്ടീസ്
ന്യൂസ് ക്ലിക്കിനെതിരായ കേസിൽ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഘത്തെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി. അദ്ദേഹത്തെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം വഴി ചൈന സർക്കാരിന് നോട്ടീസയച്ചു. ഷാങ്ഹായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നെവിൽ റോയ് സിംഘത്തിനും ഇ.ഡി. ഇ-മെയിൽ അയച്ചിട്ടുണ്ട്.
ഡൽഹി ഹൈക്കോടതി ആദ്യം ലെറ്റർ റോഗറ്ററി പുറപ്പെടുവിച്ചതിന് ശേഷമാണ് നടപടിക്രമങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. നേരത്തെ, ഇദ്ദേഹത്തിന് നേരിട്ട് നോട്ടീസ് നൽകാനുള്ള ശ്രമം ചൈന അധികൃതർ തടഞ്ഞിരുന്നു. ചൈനയെ പുകഴ്ത്തുകയും ചൈനീസ് പ്രൊപ്പഗണ്ട പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് വലിയ തോതിലുള്ള ഫണ്ട് ഇന്ത്യയിലടക്കം ലോകമെമ്പാടും വിതരണം ചെയ്യപ്പെടുന്നുവെന്ന് യു.എസ്. മാധ്യമമായ ന്യൂയോർക്ക് ടൈംസിൻറെ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് വിഷയം ചർച്ചയാകുന്നത്. പിന്നാലെ, ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകയാസ്ഥയെ ഡൽഹി പോലീസ് ഒക്ടോബർ മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു.
ചൈനയ്ക്ക് അനുകൂലമായി വാർത്തകൾ നൽകുന്നതിനായി അമേരിക്കൻ കോടീശ്വരനായ നെവിൽ റോയ് സിംഘത്തിൽനിന്ന് പണം കൈപ്പറ്റി എന്നതായിരുന്നു ന്യൂസ് ക്ലിക്കിനെതിരായി ഉയർന്ന ആരോപണം.