നീറ്റ് ചോദ്യപേപ്പർ ചോർച്ച: മൂന്നു പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു, അറസ്റ്റിലായവരുടെ എണ്ണം 21 ആയി
നീറ്റ്‌യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഒരു എൻഐടി ബിരുദധാരിയെയും രണ്ട് എംബിബിഎസ് വിദ്യാർഥികളെയും സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യപേപ്പർ ചോർച്ചയുടെ പ്രധാന ആസൂത്രകൻ എൻഐടി ബിരുദധാരിയാണെന്ന് സിബിഐ പറയുന്നു. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.
എംബിബിഎസ് വിദ്യാർഥികളായ കുമാർ മംഗലം ബിഷ്‌ണോയ്, ദീപേന്ദർ ശർമ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന്റെ സൂത്രധാരനും ജംഷദ്പുർ എൻഐടിയിൽനിന്നുള്ള ബി ടെക് ബിരുദധാരിയുമായ ശശികാന്ത് പസ്വാനെയും സിബിഐ അറസ്റ്റ് ചെയ്തു. നേരത്തേ അറസ്റ്റിലായ കുമാർ, റോക്കി എന്നിവരുമായി ശശികാന്ത് പസ്വാന് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. പരീക്ഷ നടന്നത് മേയ് അഞ്ചിനാണ്. ചോദ്യപേപ്പർ ചോർന്ന ജാർഖണ്ഡിലെ ഹസാരിബാഗിൽ കുമാർ മംഗലവും ദിപേന്ദ്ര ശർമയും ഉണ്ടായിരുന്നു എന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്‌യുജി പരീക്ഷയിൽ ഓരോ വിദ്യാർഥിക്കും ലഭിച്ച മാർക്ക് നഗരങ്ങളുടെയും പരീക്ഷാകേന്ദ്രങ്ങളുടെയും അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേന്ദ്ര സർക്കാർ എതിർത്തെങ്കിലും ചോർച്ചയുടെ വ്യാപ്തി അറിയാൻ സമ്പൂർണ ഡേറ്റ ഇഴകീറി പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നു കോടതി വ്യക്തമാക്കി. വിദ്യാർഥികളുടെ റജിസ്റ്റർ നമ്പറുകൾ മറച്ചായിരിക്കും ഫലം പ്രസിദ്ധീകരിക്കുക.