ഇൻഡ്യ സഖ്യത്തിലെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന്
ഇൻഡ്യ സഖ്യത്തിലെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് യോഗം ചേരുക. മുന്നണിയിലെ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ വിശാല യോഗം ഇന്ന് ചേരാനാണ് നേരത്തെ തീരുമാനമെടുത്തിരുന്നത്. എന്നാൽ നേതാക്കളുടെ അസൗകര്യം ചൂണ്ടിക്കാട്ടി യോഗം മാറ്റിവെക്കുകയായിരുന്നു. എന്നാൽ ഇൻഡ്യ മുന്നണിയിലെ തർക്ക മൂലമാണ് യോഗം മാറ്റിവെച്ചതെന്നായിരുന്നു ബി.ജെ.പി ആരോപണം .രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് തീയതി മാറ്റിയത് എന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷം എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.
ഇന്‍ഡ്യ മുന്നണി യോഗത്തില്‍ നിന്നും താന്‍ വിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്ത നിതീഷ് കുമാര്‍ നിഷേധിച്ചു. അടുത്ത യോഗത്തില്‍ ഭാവിപദ്ധതികള്‍ തയ്യാറാക്കണമെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. ഡിസംബര്‍ മൂന്നാംവാരമാണ് വിപുലമായ യോഗം നടക്കുക.