സ്ത്രീധനം വേണ്ടേ... പെണ്ണിനെ മതിയേ; പണ്ടവും പണവുമൊന്നുമല്ല, ഇവർ കൊടുക്കുന്നത് ഉഗ്രവിഷമുള്ള പാമ്പുകൾ, വരൻ സ്വീകരിച്ചേ പറ്റൂ...
സ്ത്രീധനം നിയമപരമായി തെറ്റാണെങ്കിലും സ്വർണവും പണവും കാറും വീടും സ്ഥലവുമെല്ലാം പെൺമക്കൾക്കു വിവാഹസമ്മാനമായി കൊടുക്കുന്നവരാണു മാതാപിതാക്കൾ. വരൻ കണക്കുപറഞ്ഞ് സ്വത്തു വാങ്ങുന്നതു കുറ്റകരമാക്കിയപ്പോൾ 'സ്ത്രീധനം' എന്നതിൻറെ പേര് 'വിവാഹസമ്മാനം' എന്നാക്കി മാറ്റി. ഏറെ പ്രതീക്ഷകളുമായി വരൻറെ വീട്ടിലെത്തുന്ന പല പെൺകുട്ടികളും അനുഭവിക്കുന്നത് 'ആടുജീവിതം' ആണ്. മരുഭൂമിയും ആടുകളും ചുറ്റുമുണ്ടാകില്ലെന്നു മാത്രം.
മധ്യപ്രദേശിലെ ഗൗരിയ വിഭാഗക്കാർക്കിടയിലുള്ള വിവാഹാചാരങ്ങളും അനുഷ്ഠാനങ്ങളും ആരെയും അതിശയിപ്പിക്കുന്നതാണ്. ഗൗരിയ യുവതിക്ക് അവളുടെ അച്ഛൻ നൽകുന്ന വിവാഹസമ്മാനത്തിൻറെ പേരിലാണ് ഇവരുടെ ആചാരങ്ങൾ പ്രസിദ്ധമായത്. ഗൗരിയക്കാർ പെൺമക്കൾക്കു സ്ത്രീധനമായി സ്വർണമോ പണമോ നൽകാറില്ല. പകരം നൽകുന്നതോ, ഉഗ്രവിഷമുള്ള 21 പാമ്പുകൾ..!
വധുവിൻറെ പിതാവാണു വിവാഹദിവസം വിചിത്രസമ്മാനം വരനു കൈമാറാറുളളത്. ഭർതൃഗൃഹത്തിലേക്കു പുറപ്പെടുമ്പോൾ നവവധു നാഗങ്ങളെയും കൊണ്ടുപോകണം. ഗൗരിയക്കാരെ സംബന്ധിച്ച് വിവാഹം ജീവിതത്തിലെ പവിത്രമായ ചടങ്ങാണ്. വധുവിനു പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കിൽ ദാമ്പത്യം സുഖകരമാകില്ലെന്നും ഭാവി ഇരുളടഞ്ഞുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം.
മകളുടെ വിവാഹമുറപ്പിക്കുന്ന ദിവസം മുതൽ പിതാവ് പാമ്പുപിടിത്തം ആരംഭിക്കും. ഗൗരിയ വിഭാഗത്തിൻറെ കുലത്തൊഴിൽ പാമ്പുപിടിത്തമാണ്. പെട്ടിയിൽ സൂക്ഷിക്കുന്ന പാമ്പുകൾ ഏതെങ്കിലും സാഹചര്യത്തിൽ നഷ്ടപ്പെട്ടാലോ അല്ലെങ്കിൽ ചത്തുപോയാലോ അപശകുനമായാണു ഗൗരിയക്കാർ കാണുന്നത്.