ഭർതൃവീട്ടുകാരുടെ നിരന്തര പീഡനം: മകളെ ആഘോഷപൂർവം വീട്ടിൽ തിരികെയെത്തിച്ച് അച്ഛൻ
പെൺമക്കളെ കെട്ടിച്ചുവിട്ടു കഴിഞ്ഞാൽ തന്‍റെ കടമ തീർന്നു എന്നു വിശ്വസിക്കുന്നവരാണ് സമൂഹത്തിലധികവും. കെട്ടിച്ചുവിട്ട മകൾ നാലു ദിവസം വീട്ടിൽവന്നു നിന്നാൽ പിന്നെ കല്ലുകടിയായി. അയൽക്കാരുടെ പരദൂഷണം കൂടിയാകുന്പോൾ കാര്യങ്ങൾ മാനഹാനിയിലെത്തും. വിവാഹം കഴിഞ്ഞ പെൺകുട്ടികൾക്കു മാതാപിതാക്കളുടെ പിന്തുണ ഉണ്ടെങ്കിൽ ഭർതൃഗൃഹത്തിൽ അവൾക്കതൊരു സുരക്ഷയായിരിക്കും. ജാർഖണ്ഡിലെ പ്രേംഗുപ്ത എന്ന അച്ഛൻ പെൺമക്കളുടെ ഹീറോ ആയി മാറുകയാണ്.
ഭര്‍തൃഗൃഹത്തില്‍ കൊടും പീഡനത്തിനിരയായ തന്‍റെ മകളെ വിവാഹദിനത്തിലുണ്ടായിരുന്ന അതേ ആഘോഷങ്ങൾ സഹിതം ഘോഷയാത്രയായി വീട്ടിലെത്തിച്ചിരിക്കുകയാണ് പ്രേംഗുപ്ത. ബാൻഡ് മേളവും നൃത്തവുമെല്ലാം ആഘോഷങ്ങളിലുണ്ടായിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയൽക്കാർക്കും മധുരപരലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു ഗുപ്ത.
2022 ഏപ്രിലിലാണ് സാക്ഷി ഗുപ്തയും സച്ചിന് കുമാറും വിവാഹിതരാകുന്നത്. ജാര്‍ഖണ്ഡ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനില്‍ അസി. എന്‍ജിനീയറായി പ്രവർത്തിക്കുകയാണ് സച്ചിന്. ഇയാള്‍ സാക്ഷിയെ കല്യാണം കഴിക്കുന്നതിനു മുന്‍പ് രണ്ടു വിവാഹം കഴിച്ചിരുന്നു. ഇക്കാര്യങ്ങള്‍ മറച്ചുവച്ചായിരുന്നു സാക്ഷിയുമായുള്ള വിവാഹം നടത്തിയത്. വിവാഹശേഷമാണ് സാക്ഷി ഇക്കാര്യങ്ങൾ അറിയുന്നത്. എന്നാൽ സമൂഹത്തെ ഭയന്ന് അതെല്ലാം സഹിച്ച സാക്ഷിയെ ഭർത്താവും ഭർത്താവിന്‍റെ സഹോദരിമാരും മറ്റു കുടുംബാംഗങ്ങളും ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വിവാഹസമ്മാനമായി സാക്ഷിയുടെ അച്ഛൻ നൽകിയ ആഭരണങ്ങളും ഭർതൃവീട്ടുകാർ തട്ടിയെടുത്തു.
ഭർത്താവിന്‍റെ വീട്ടിൽ താൻ അനുഭവിക്കുന്ന പീഡനങ്ങൾ തുറന്നുപറഞ്ഞ സാക്ഷിയെ പിതാവ് ആശ്വസിപ്പിക്കുകയും ആഘോഷപൂർവം തിരികെ കൊണ്ടുവരികയുമായിരുന്നു. നല്ലരീതിൽ മകളെ വളർത്തി. ആഘോഷപൂര്‍വം വിവാഹം നടത്തി. വിവാഹശേഷം ഭര്‍തൃവീട്ടിലെത്തിയ തന്‍റെ മകള്‍ക്ക് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. ഭര്‍ത്താവും കുടുംബക്കാരും മോശമായി പെരുമാറിയാല്‍ പ്രതികരിക്കാതിരിക്കരുത്. നിങ്ങളുടെ മകളെ അതേ ആദരവോടെ തിരികെ കൊണ്ടുവരണം. കാരണം പെണ്മക്കള് വളരെ വിലപ്പെട്ടവരാണ്. ഘോഷയാത്രയുടെ വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചുകൊണ്ട് പ്രേം ഗുപ്ത കുറിച്ചു.
പ്രേംഗുപ്തയ്ക്കും സാക്ഷിക്കും പിന്തുണ അർപ്പിച്ചുകൊണ്ടു നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, വിവാഹമോചനത്തിനായി സാക്ഷി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.