'എന്റെ ഹൃദയം ദുരിതം അനുഭവിക്കുന്നവരുടെ കൂടെ'; ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിനില്ലെന്ന് മമത
തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുൻപായുള്ള ഇന്ത്യാസഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്നു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ജൂൺ ഒന്നിനാണ് ഇന്ത്യാസഖ്യ നേതാക്കളുടെ യോഗം തീരുമാനിച്ചിട്ടുള്ളത്. മദ്യനയക്കേസിൽ ജാമ്യത്തിലിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തേണ്ടതിനു തലേന്നാണിത്.
'ഇതെല്ലാം ഉപേക്ഷിച്ച് എനിക്കെങ്ങനെയാണു പോകാനാവുക? റുമാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് എനിക്കു മുഖ്യം. ഇവിടെ യോഗം ചേർന്നാലും എന്റെ ഹൃദയം റുമാൽ ചുഴലിക്കാറ്റിന്റെ ദുരിതം അനുഭവിക്കുന്നവരുടെ കൂടെയാവും. മാത്രമല്ല, ജൂൺ ഒന്നിനു ബംഗാളിൽ 9 സീറ്റിലേക്കുള്ള വോട്ടെടുപ്പ് നടക്കുകയാണ്. അതിനാൽ ഇന്ത്യാസഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കാനാകില്ല' കൊൽക്കത്തയിലെ തിരഞ്ഞെടുപ്പ് റാലിയിൽ മമത പറഞ്ഞു.
ഇന്ത്യാ മുന്നണിയിൽനിന്നു ജനുവരിയിൽ പുറത്തുപോയ മമത, പുറത്തുനിന്നു പിന്തുണയ്ക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. താൻ പിന്തുണയ്ക്കുന്ന മുന്നണിയിൽ ബംഗാൾ കോൺഗ്രസോ സിപിഎമ്മോ ഇല്ലെന്നും അവർ വ്യക്തമാക്കി.