ഭൂമി തർക്കം; യുപിയിൽ 17കാരന്റെ തല വാളുപയോഗിച്ചു വെട്ടിമാറ്റി
ഭൂമിതർക്കത്തെ തുടർന്ന് 17കാരന്റെ തല വാളുപയോഗിച്ച് വെട്ടിമാറ്റി. ഉത്തർപ്രദേശിലെ ജൗൻപുരിലാണ് ക്രൂരമായ സംഭവം നടന്നത്. പ്രദേശത്തെ റാംജീത് യാദവിന്റെ മകൻ അനുരാഗാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ തല മടിയിൽ വച്ച് അമ്മ മണിക്കൂറുകളോളം കരഞ്ഞതായും നാട്ടുകാർ പറയുന്നു. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള നാലുപതിറ്റാണ്ടത്തെ ഭൂമി തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.
ഗൗരബാദ്ഷാപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കബീറുദ്ദീൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. പതിറ്റാണ്ടുകളായ ഇവിടെ ഭൂമിതർക്കം നിലനിന്നിരുന്നു. ഈ തർക്കം കഴിഞ്ഞ ദിവസം സംഘർഷത്തിലേക്ക് നീങ്ങിയതായും പൊലീസ് പറഞ്ഞു. സംഘർഷത്തിന് പിന്നാലെ കൈവശം വാളുണ്ടായിരുന്നവർ വളരെ ശക്തിയോടെ വാൾ വീശിപ്പോൾ അനുരാഗിന്റെ തലയിൽ വെട്ട് ഏൽക്കുകയായിരുന്നു. ശരീരത്തിൽ നിന്ന് തല വേർപെടുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ അനുരാഗിനെ വെട്ടിയയാൾ ഒളിവിലാണെന്നാണ് വിവരം.
പ്രദേശത്ത് സംഘർഷം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 40-45 വർഷമായി ഇവിടെ ഭൂമിതർക്കം രൂക്ഷമാണെന്ന് എസ്പി അജയ് പാൽ ശർമ്മ പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളർ സ്ഥലത്തുണ്ട്. ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കുറ്റം ചെയ്തവർക്ക് പരമാവധി ശിക്ഷ നൽകുമെന്ന് ജൗൻപൂർ ജില്ല മജിസ്‌ട്രേറ്റ് ദിനേശ് ചന്ദ്ര പറഞ്ഞു.