കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ, ശിക്ഷ ഇന്ന്
കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. ബെലെക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ബെംഗളൂരുവിലെ പ്രത്യേക കോടതി വ്യാഴാഴ്ച എം.എൽ.എ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. എം.എൽ.എ.യെ പരപ്പന അഗ്രഹാര ജയിലേക്ക് മാറ്റി. സിബിഐയോട് കാർവാർ എംഎൽഎയും മറ്റ് രണ്ട് പ്രതികളെയും തുടർ നടപടികൾക്കായി ഉടൻ കസ്റ്റഡിയിൽ വാങ്ങാനും ഉച്ചയ്‌ക്ക് 12.30 ന് കോടതിയിൽ ഹാജരാക്കാനും പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സന്തോഷ് ഗജാനൻ ഭട്ട് ഉത്തരവിട്ടിരുന്നു. കേസില്‍ ശിക്ഷ ഇന്ന് വിധിക്കും.
ഷിരൂരിൽ അർജുനുവേണ്ടിയുള്ള തിരച്ചിലിൽ സജീവമായ ഇടപെടൽ നടത്തിയ വ്യക്തിയായിരുന്നു സതീഷ് കൃഷ്ണ സെയിൽ. 2010-ലെ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ബെലെക്കേരി തുറമുഖം വഴി 11,312 മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി കടത്തിയെന്നാണ് കേസ്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, അതിക്രമിച്ച് കടക്കൽ, അഴിമതി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഏകദേശം 7.74 ദശലക്ഷം ടൺ ഇരുമ്പയിര് ബിലികേരി തുറമുഖം വഴി അനധികൃതമായി കടത്തിയെന്നാണ് കേസ്. കർണാടക ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയുടെ ഇടപെടലിലൂടെയായിരുന്നു അന്ന് കുറ്റകൃത്യം പുറത്തുവരുന്നത്. സമാനമായ മറ്റ് ആറുകേസുകളും എം.എൽ.എയ്‌ക്കെതിരെയുണ്ട്.