വിദ്വേഷ വിഡിയോ പ്രചരിപ്പിച്ച കേസ്: കർണാടക ബിജെപി ഐടി സെൽ കൺവീനറെ ചോദ്യം ചെയ്ത് പൊലീസ്
മുസ്ലിം സംവരണ വിഷയത്തിൽ വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ ബിജെപി ഐടി സെൽ സംസ്ഥാന കൺവീനർ പ്രശാന്ത് മാക്കന്നൂരിനെ കർണാടക പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പ്രശാന്തിന് നേരത്തെ മുൻകൂർ ജാമ്യമെടുത്തതിനെ തുടർന്നാണിത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുൽഗാന്ധിയും ചേർന്ന് ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുസ്ലിംകൾക്കു നൽകുന്നുവെന്ന് ആരോപിക്കുന്ന അനിമേഷൻ വിഡിയോയാണ് പ്രചരിപ്പിച്ചത്.
ഈ കേസിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ, സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര എന്നിവരോട് ഒരാഴ്ചയ്ക്കകം ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മേയ് 5ന് കർണാടക പിസിസി തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.