Begin typing your search...

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരം; പശ്ചിമ ബംഗാളിൽ വീണ്ടും ജൂനിയർ ഡോക്ടർമാരുടെ സമരം

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരം; പശ്ചിമ ബംഗാളിൽ വീണ്ടും ജൂനിയർ ഡോക്ടർമാരുടെ സമരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പശ്ചിമ ബംഗാളിൽ വീണ്ടും കുത്തിയിരിപ്പ് സമരവുമായി ജൂനിയർ ഡോക്ടർമാർ. ആർജി കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി തേടി നടത്തിയ റാലിക്കിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയെന്നാരോപിച്ചായിരുന്നു സമരം. സെൻട്രൽ കൊൽക്കത്തയിൽ വെള്ളിയാഴ്ച വൈകുന്നേരം മുതൽ രാത്രി മുഴുവൻ കുത്തിയിരിപ്പ് സമരം നടത്തി. വെള്ളിയാഴ്ച രാത്രി 8.30ഓടെ സർക്കാർ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും ജൂനിയർ ഡോക്ടർമാരുടെ സമ്പൂർണ പണിമുടക്ക് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും കുത്തിയിരിപ്പ് സമരം നടത്തിയത്.

24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാൾ സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് സമരക്കാർ വ്യക്തമാക്കി. പൊലീസിന്റെ ലാത്തിച്ചാർജിലും അധിക്ഷേപ വാക്കുകളിലും മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു. മരിച്ച വനിതാ ഡോക്ടർക്ക് നീതി ഉറപ്പാക്കുന്നത് തങ്ങളുടെ മുൻഗണനയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സംസ്ഥാന ആരോഗ്യ സെക്രട്ടറി എൻ.എസ്. നിഗമിനെ ഉടൻ നീക്കണമെന്നും ആരോഗ്യവകുപ്പിലെ ഭരണപരമായ കഴിവില്ലായ്മയുടെയും അഴിമതിയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കുമായി കേന്ദ്രീകൃത റഫറൽ സംവിധാനം സ്ഥാപിക്കുക, ബെഡ് ഒഴിവുകൾ മനസ്സിലാക്കാൻ കഴിയുന്ന ഡിജിറ്റൽ സംവിധാനം നടപ്പാക്കുക, സിസിടിവി, ഓൺ-കോൾ റൂമുകൾ, ശുചിമുറുകൾ എന്നിവയടക്കമുള്ള അവശ്യ സേവനങ്ങൾ ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സുകളുടെ രൂപീകരണം എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്. ആശുപത്രികളിൽ പൊലീസ് സംരക്ഷണം വർധിപ്പിക്കുക, സ്ഥിരം വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുക, ഡോക്ടർമാർ, നഴ്‌സുമാർ, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ഒഴിവുകൾ വേഗത്തിൽ നികത്തുക, എല്ലാ മെഡിക്കൽ കോളജുകളിലും വിദ്യാർത്ഥി കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്തുക, എല്ലാ കോളജുകളിലെയും റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനെ (ആർഡിഎ) അംഗീകരിക്കുക, മെഡിക്കൽ കോളജുകളും ആശുപത്രികളും കൈകാര്യം ചെയ്യുന്ന എല്ലാ കമ്മിറ്റികളിലും വിദ്യാർഥികളുടെയും ജൂനിയർ ഡോക്ടർമാരുടെയും തെരഞ്ഞെടുക്കപ്പെട്ട പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിലിലും (ഡബ്ല്യുബിഎംസി) പശ്ചിമ ബംഗാൾ ഹെൽത്ത് റിക്രൂട്ട്‌മെന്റ് ബോർഡിലും നടന്ന അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും സംബന്ധിച്ച് ഉടൻ അന്വേഷണം നടത്തണമെന്നും ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it