ഇഷ ഫൗണ്ടേഷൻ വിവാദം: മദ്രാസ് ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ജഗ്ഗി വാസുദേവിനെതിരെ അന്വേഷണം നടത്താനുള്ള മദ്രാസ് ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. നേരത്തെ മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷൻ സുപ്രീകോടതിയെ സമീപിച്ചിരുന്നു. ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശം തേടിയ മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെയാണ് ജഗ്ഗി വാസുദേവ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ഇഷ ഫൗണ്ടേഷന് വേണ്ടി ഹാജരാവുന്ന മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹരജി അതിവേഗം പരിഗണിക്കണമെന്ന് സുപ്രീംകോടതിയോട് അഭ്യർഥിച്ചു. കേന്ദ്രസർക്കാറും ഹരജി അതിവേഗം പരിഗണിക്കുന്നതിനെ അനുകൂലിച്ചു.ഇങ്ങനെ ഒരു സ്ഥലത്തേക്ക് പൊലീസിനും സൈന്യത്തിനും പ്രവേശിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് കേസ് പരിഗണിക്കുന്നതിനിടെ നിരീക്ഷിച്ചു. തുടർന്ന് കേസ് ഏറ്റെടുത്ത സുപ്രീംകോടതി പൊലീസിനോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.
നേരത്തെ മദ്രാസ് ഹൈകോടതി ക്രിമിനിൽ കേസുകളിൽ റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. 150ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. കോയമ്പത്തൂരിലെ തൊണ്ടമുത്തുരിലെ ഇഷ ഫൗണ്ടേഷേനിലാണ് റെയ്ഡ്. മൂന്ന് ഡി.എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഫൗണ്ടേഷനിലെ അന്തേവാസികളുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. റെയ്ഡിന് പിന്നാലെ പ്രതികരണവുമായി ഇഷ യോഗ സെന്റർ രംഗത്തെത്തി. എസ്.പിയുടെ നേതൃത്വത്തിൽ സാധാരണ നടക്കുന്ന അന്വേഷണമാണ് നടന്നതെന്ന് യോഗ സെന്റർ അറിയിച്ചു. താമസിക്കുന്ന ആളുകളുടേയും വിവരങ്ങൾ തേടുകയും അവരുടെ ജീവിതരീതിയെ കുറിച്ച് മനസിലാക്കുകയും ചെയ്തുവെന്നും ഇഷ യോഗ സെന്റർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.