Begin typing your search...

മഹായുതി സഖ്യത്തിന് തിരിച്ചടി; രണ്ട് നേതാക്കൾ മഹാവികാസ് അഘാഡി സഖ്യത്തിലേക്ക്

മഹായുതി സഖ്യത്തിന് തിരിച്ചടി; രണ്ട് നേതാക്കൾ മഹാവികാസ് അഘാഡി സഖ്യത്തിലേക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് തിരിച്ചടിയായി രണ്ട് പ്രമുഖ നേതാക്കൾ മഹാവികാസ് അഘാഡി സഖ്യത്തിലേക്ക്. സിന്ധുദുർഗ് ജില്ലയിലെ ബിജെപി നേതാവ് രാജൻ തേലി, സോലാപൂരിൽ നിന്നുള്ള എൻസിപി നേതാവും മുൻ ബിജെപി എംഎൽസിയുമായ ദീപക് സലൂങ്കെ എന്നിവരാണ് ശിവസേന ഉദ്ധവ് വിഭാഗത്തിൽ ചേർന്നത്. മുൻകേന്ദ്രമന്ത്രിയും രത്നഗിരി-സിന്ധുദുർഗിൽ നിന്നുള്ള ബിജെപി എംപിയുമായ നാരായൺ റാണെയുടെ അടുത്ത അനുയായിയാണ് രാജൻ തേലി അറിയപ്പെടുന്നത്. ഇദ്ദേഹമായിരിക്കും നിലവിൽ ഷിൻഡെ സർക്കാറിൽ മന്ത്രിയായ ദീപക് കേസർക്കറിനെ നേരിടുക. ഷിൻഡെ ശിവസേന പക്ഷക്കാരനാണ് കേസർക്കർ. സാവന്ത്വാദി മണ്ഡലത്തെയാണ് ഇയാൾ പ്രതിനിധീകരിക്കുന്നത്.

അതേസമയം വൻ സ്വീകരണമാണ് രാജൻ തേലിക്ക് നൽകിയത്. ഉദ്ധവ് താക്കറെ തന്നെ രാജനെ സ്വീകരിക്കാനെത്തി. പതിനെട്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം ശിവസേനയിലേക്ക് എത്തുന്നത്. ശിവസേന പിളരുന്നതിന് മുമ്പ് പാർട്ടിയിലുണ്ടായിരുന്ന രാജൻ, റാണെക്കൊപ്പമാണ് ബിജെപിയിലേക്ക് പോകുന്നത്. കഴിഞ്ഞ 10 വർഷമായി താൻ ബിജെപിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തുവെന്നും എന്നാലിപ്പോൾ പ്രശ്നങ്ങൾ നേരിടുകയാണെന്നും രാജൻ തേലി പറഞ്ഞു. സാവന്ത്വാദി നിയമസഭാ മണ്ഡലത്തിന്റെ ബിജെപി ഇൻചാർജ്ജ് കൂടിയായിരുന്നു അദ്ദേഹം.

സോലാപൂർ മുൻ എംഎൽസിയും സോലാപൂർ ജില്ലയുടെ എൻസിപി പ്രസിഡന്റുമായിരുന്ന ദീപക് സലൂങ്കെയാണ് ഉദ്ധവ് വിഭാഗത്തിലേക്ക് കൂടുമാറിയ മറ്റൊരു നേതാവ്. സോലാപൂർ ജില്ലയിലെ സംഗോള അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ദീപകിന് താത്പര്യമുണ്ട്. ശിവസേന ഷിൻഡെ വിഭാഗത്തിന്റെ കയ്യിലാണ് ഈ സീറ്റ്. ശിവസേന ടിക്കറ്റിൽ മത്സരിച്ചുജയിച്ച ഷഹാജി ബാപ്പു പാട്ടീലാണ് നിലവിലെ എംഎൽഎ. പാർട്ടിയെ ബിജെപി പിളർത്തിയപ്പോൾ ഷിൻഡെ വിഭാഗത്തിനൊപ്പം പോകുകയായിരുന്നു ഷഹാജി. ദീപകിനെ സംഗോള നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുമെന്ന് പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഉദ്ധവ് സൂചിപ്പിക്കുകയും ചെയ്തിരുന്നു. സംഗോളയിൽ കഴിഞ്ഞ 40 വർഷമായി ദീപക് സജീവമാണ്. അദ്ദേഹത്തിന്റെ ട്രസ്റ്റ് സംഗോളയിൽ 50ലധികം സ്‌കൂളുകളും കോളജുകളും നടത്തുന്നുണ്ട്.

അതേസമയം മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയെന്നും എംവിഎ അധികാരത്തിൽ വരുമെന്നും ഇരുവരേയും സ്വീകരിച്ച്‌കൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു. ഡോക്ടർ എന്നോട് വിശ്രമിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ 'ചതിയന്മാരെ' കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ മിണ്ടാതെ ഇരിക്കില്ലെന്നും അതിന് വേണ്ടിയുള്ള പണികൾ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡയേയും ബിജെപിയേയും ലക്ഷ്യമിട്ടാണ് ഉദ്ധവിന്റെ 'ചതിയൻ' പരാമർശം. അടുത്തിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു ഉദ്ധവ് താക്കറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മുൻപ്, ആൻജിയോപ്ലാസ്റ്റിക്ക് അദ്ദേഹം വിധേയനായിരുന്നു. അതേസമയം മഹാവികാസ് അഘാഡിയിൽ സീറ്റ് വിഭജന ചർച്ചകൾ വേഗത്തിൽ പുരോഗമിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായേക്കും. കോൺഗ്രസും എൻസിപി ശരത് പവാർ വിഭാഗവുമാണ് സഖ്യത്തിലുള്ള മറ്റുപാർട്ടികൾ. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. നവംബർ 20നാണ് വോട്ടെടുപ്പ്. 23നാണ് വോട്ടെണ്ണൽ.

WEB DESK
Next Story
Share it