ബി ജെ പിക്ക് വീണ്ടും അധികാരം ലഭിച്ചാൽ ജനാധിപത്യത്തിന്റെ അന്ത്യമാകും; എം കെ സ്റ്റാലിൻ
കേന്ദ്രത്തിൽ ബി ജെ പിക്ക് വീണ്ടും അധികാരം ലഭിച്ചാൽ ജനാധിപത്യവും സാമൂഹിക നീതിയും ഭരണഘടനയും സംരക്ഷിക്കാൻ ആർക്കും കഴിയില്ലെന്ന് അഭിപ്രായപ്പെട്ട് ഡി എം കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആര് അധികാരം പിടിക്കണം എന്നതിലുപരി ആര് തുടരരുത് എന്നതാണ് ഏറ്റവും പ്രധാന വശമെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി. കാവേരി ഡെൽറ്റ ജില്ലകളിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പരാമർശിച്ചത്.
പുതുച്ചേരിയിലെ ഒന്നിന് പുറമെ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും ഡി എം കെയും സഖ്യകക്ഷികളും വിജയിക്കണമെന്നും വലിയ വിജയത്തിനായി പ്രവർത്തിക്കണമെന്നും പാർട്ടി കേഡറുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രത്യയശാസ്ത്രത്തെക്കുറിച്ചും ക്ഷേമപദ്ധതികളെക്കുറിച്ചും ജനങ്ങളോട് സംസാരിക്കണമെന്നും പോളിംഗ് സ്റ്റേഷനുകളുടെ ചുമതലയുള്ള പാർട്ടിക്കാരെ സ്റ്റാലിൻ ഉപദേശിച്ചു.
പുതിയ പാർലമെന്റ് മന്ദിരത്തിലെ 888 സീറ്റുകളുടെ കപ്പാസിറ്റി ചൂണ്ടിക്കാട്ടി, സെൻസസിന്റെ പേരിൽ ലോക്‌സഭയിലെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണ് മണിപ്പൂരിലെ അക്രമമെന്നും ഇത് 2002ലെ ഗുജറാത്ത് കലാപത്തെ ജനങ്ങളെ ഓർമിപ്പിക്കുന്നുവെന്നും എം കെ സ്റ്റാലിൻ തുറന്നടിച്ചു.