ഡൽഹിയിൽ മുൻകാമുകൻറെ മുഖത്ത് ആസിഡൊഴിക്കാൻ ക്വട്ടേഷൻ; വനിതാ ഗ്രാഫിക് ഡിസൈനർ പിടിയിൽ
ഡൽഹിയിൽ മുൻകാമുകൻറെ മുഖത്ത് ആസിഡൊഴിക്കാൻ ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയ വനിതാ ഗ്രാഫിക് ഡിസൈനറും സുഹൃത്തും പോലീസ് പിടിയിൽ. തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജൂൺ 19നാണ് സംഭവം. ഓംകർ കുമാർ(24) എന്ന യുവാവിനെയാണ് ഗുണ്ടകൾ ആക്രമിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി അടുപ്പത്തിലായിരുന്നു ഓംകറും ഗ്രാഫിക് ഡിസൈനറായ യുവതിയും. ഇയാളും ഗ്രാഫിക് ഡിസൈനറാണ്. ഈയിടെ മറ്റൊരു യുവതിയുമായി ഓംകറിൻറെ വിവാഹനിശ്ചയം നടത്തിയിരുന്നു. തന്നെ മറക്കണമെന്നും ഇല്ലെങ്കിൽ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുമെന്നും ഓംകർ മുൻകാമുകിയെ ഭീഷണിപ്പെടുത്തി.
ഇതിനെ തുടർന്ന് യുവതി ഗുണ്ടകൾക്ക് 30,000 രൂപ നൽകുകയും ഓംകറിന് നേരെ ആസിഡെറിയാൻ ഏർപ്പാടാക്കുകയുമായിരുന്നു. നിഹാൽ വിഹാറിൽ താമസിക്കുന്ന ഓംകർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മോട്ടോർ സൈക്കിളിലെത്തിയ മൂന്നു പേർ ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. കത്തിയുമായെത്തിയ പ്രതികൾ ഓംകറിനെ കുത്തുകയും ചെയ്തു. ആസിഡ് ഒഴിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല. ആക്രമണത്തിൻറെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജൂൺ 23നാണ് പ്രതികളിലൊരാളായ വികാസിനെ പിടികൂടിയതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ജിമ്മി ചിരം പറഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ബാലി എന്ന ഹർഷും രോഹനും ചേർന്നാണ് ഓംകാറിനെ ആക്രമിച്ചതെന്ന് വികാസ് വെളിപ്പെടുത്തിയത്. യുവതിയാണ് ക്വട്ടേഷൻ നൽകിയതെന്നും പൊലീസിനോട് പറഞ്ഞു.