ഹരിയാനയിൽ ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കൽ മൂന്നാം ദിവസവും തുടർന്ന് ഭരണകൂടം
ഹരിയാനയിൽ ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കൽ തുടർന്ന് ഭരണകൂടം. തുടർച്ചയായ മൂന്നാം ദിവസമാണ് പൊളിക്കൽ തുടരുന്നത്. രണ്ട് ഡസനോളം കടകളാണ് പൊളിച്ച് നീക്കിയിരിക്കുന്നത്. ഇതിൽ നിരവധി മെഡിക്കൽ സ്റ്റോറുകളും ഉൾപ്പെടുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കലാപമുണ്ടായ നൂഹിൽ നിന്നും 20 കിലോ മീറ്റർ അകലെയുള്ള തൗരുവിലാണ് ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കൽ നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സർക്കാർ ഭൂമിയിലെ കൈയേറ്റമെന്നാരോപിച്ച് വ്യാപകമായി കെട്ടിടങ്ങൾ പൊളിക്കുന്നത് തുടങ്ങിയത്.
ഇന്ന് ഷഹീദ് ഹാസൻ ഖാൻ മേവാത്തി സർക്കാർ മെഡിക്കൽ കോളജിന് സമീപമാണ് പൊളിക്കൽ നടക്കുന്നത്. മെഡിക്കൽ കോളജിന് എതിർവശത്തുള്ള കടകളാണ് പൊളിച്ച് നീക്കുന്നത്. ഇതിൽ ഭൂരിഭാഗവും മെഡിക്കൽ ഷോപ്പുകളാണ്. വർഷങ്ങളായി ഇവിടെ നിന്നിരുന്ന കടകളാണ് ഇത്തരത്തിൽ പൊളിക്കുന്നത്. 60ഓളം കെട്ടിടങ്ങളാണ് ഇതുവരെ തകർത്ത്. ദിവസം മുഴുവനും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കൽ നടക്കുന്നുണ്ട്. അതേസമയം ഹരിയാനയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപങ്ങളിൽ ആറ് പേരാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്.