ഗിഫ്റ്റ് സിറ്റിയില്‍ ഇനി മദ്യം ഉപയോഗിക്കാം; അനുമതി നല്‍കി ഗുജറാത്ത് സര്‍ക്കാര്‍
ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി(ഗിഫ്റ്റ് സിറ്റി)യെ മദ്യനിരോധനത്തില്‍ നിന്നും ഗുജറാത്ത് സര്‍ക്കാര്‍ ഒഴിവാക്കി. ആഗോള ബിസിനസ് ആവാസവ്യവസ്ഥയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഗിഫ്റ്റ് സിറ്റിയിലുള്ള കമ്പനികളിലെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും മദ്യപിക്കാനുള്ള അനുമതിയും സ്ഥിര ജീവനക്കാരുടെ സാന്നിധ്യത്തില്‍ മദ്യപിക്കാനായി സന്ദര്‍ശകര്‍ക്ക് താത്കാലിക പെര്‍മിറ്റും ഇനി ലഭിക്കും.
ഓസ്‌ട്രേലിയന്‍ ഡീക്കിന്‍ സര്‍വകലാശാലയുടെ ഓഫ്‌ഷോര്‍ കാമ്പസ് ഗിഫ്റ്റ് സിറ്റിയില്‍ തുറക്കുമെന്ന പ്രതീക്ഷയോടെ നടത്തുന്ന പത്താമത് ത്രിദിന ഗുജറാത്ത് സമ്മിറ്റ് തുടങ്ങുന്നതിന് മൂന്നാഴ്ച മുന്‍പാണ് നിരോധനം ഒഴിവാക്കുന്നത്.
'ഒരു ആഗോള സാമ്പത്തിക, സാങ്കേതിക ഹബ്ബാണ് ഗിഫ്റ്റ് സിറ്റി. ഇവിടെ ആഗോള നിക്ഷേപകര്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും ദേശീയ അന്തര്‍ദേശീയ കമ്പിനികള്‍ക്കും ആഗോള ബിസിനസ് ആവാസവ്യവസ്ഥ ഒരുക്കുവാനായി വൈന്‍ ആന്‍ഡ് ഡൈന്‍ സൗകര്യം അനുവദിച്ചുക്കൊണ്ട് നിരോധനനിയമത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ഒരു സുപ്രധാന തീരുമാനം വെള്ളിയാഴ്ച എടുത്തിട്ടുണ്ട്', സംസ്ഥാന എക്‌സൈസ് വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ നയമനുസരിച്ച് ഗള്‍ഫ് സിറ്റിയിലെ ഹോട്ടല്‍, റസ്‌റ്റോറന്റ്, ക്ലബ് എന്നിവയില്‍ മദ്യംഉപയോഗിക്കാനുള്ള അനുമതി ലഭിക്കും. ഗിഫ്റ്റ് സിറ്റിയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ ഔദ്യോഗിക അതിഥികള്‍ക്കും ഇത്തരം ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പോകാം. അതേസമയം ഇവിടങ്ങളില്‍ മദ്യകുപ്പികള്‍ വില്‍ക്കാനുള്ള അനുമതിയുണ്ടായിരിക്കുന്നതല്ല.