രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ റെക്കോഡ് വർധന; ഏപ്രിലിൽ സർക്കാരിന് ലഭിച്ചത് 2.10 ലക്ഷം കോടി
രാജ്യത്ത് ചരക്ക് സേവന നികുതി വരുമാനത്തിൽ റെക്കോഡ് വർധന. ഏപ്രിൽ മാസത്തിൽ 2.10 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയിനത്തിൽ സർക്കാരിന് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരമത്യം ചെയ്യുമ്പോൾ 12.4 ശതമാനമാണ് വർധന. മാർച്ചിൽ 1.78 ലക്ഷം കോടിയായിരുന്നു വരുമാനം. ഇതിനുമുമ്പ് കൂടുതൽ തുക ലഭിച്ചത് 2023 ഏപ്രിലിലായിരുന്നു. 1.87 ലക്ഷം കോടി.
ഏഴ് വർഷം മുമ്പ് 2017 ജൂലായിൽ ജിഎസ്ടി ഏർപ്പെടുത്തിയതിന് ശേഷം ലഭിച്ച ഉയർന്ന വരുമാനമാണിത്. ഇതാദ്യമായാണ് രണ്ട് ലക്ഷം കോടി മറികടക്കുന്നത്. ആഭ്യന്തര വ്യാപാരത്തിൽ 13.4 ശതമാനവും ഇറക്കുമതി ഇനത്തിൽ 8.3 ശതമാനവുമാണ് വളർച്ച. ഇതോടെ 2023-24 സാമ്പത്തിക വർഷത്തെ ശരാശരി പ്രതിമാസ വരുമാനം 1.68 ലക്ഷം കോടിയായി. മുൻ വർഷമാകട്ടെ 1.51 ലക്ഷം കോടി രൂപയുമായിരുന്നു.
റീഫണ്ടുകൾ കണക്കാക്കിയശേഷം ഏപ്രിലിലെ അറ്റ വരുമാനം 1.92 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 15.5 ശതമാനം വർധന. ജിഎസ്ടി വരുമാന വളർച്ചയുടെ കാര്യത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 37,671 കോടി രൂപ. 13 ശതമാനമാണ് വളർച്ച. ഉത്തർപ്രദേശ് 12,290 കോടി രൂപയും തമിഴ്നാട് 12,210 കോടി രൂപയും ഹരിയാണ 12,168 കോടിയും സമാഹരിച്ചു. കേരളത്തിന് ലഭിച്ചത് 3272 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനമാണ് വർധന.