ഹൃദയത്തെ സ്പർശിക്കുന്ന വീഡിയോ!; റോഡരികിലിരുത്തി മക്കളെ പഠിപ്പിക്കുന്ന പഴക്കച്ചവടക്കാരി, ചേർത്തുപിടിച്ച് സോഷ്യൽ മീഡിയ
അറിവ് ആഗ്രഹിക്കുന്നവർക്കു സ്ഥലം പ്രശ്നമല്ല. എവിടെയിരുന്നും പഠിക്കാം. വഴിവിളക്കിന്‍റെ വെളിച്ചത്തിൽ ഇരുന്നു പഠിച്ച് വലിയവരായ ധാരാളം പേർ ലോകത്തുണ്ട്. ഇപ്പോൾ കർണാടകത്തിൽനിന്നുള്ള വീഡിയോ ആണ് വൈറലായിരിക്കുന്നത്. റോഡരികിലിരുത്തി പഴക്കച്ചവടക്കാരിയായ അമ്മ തന്‍റെ കുട്ടികളെ പഠിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഉന്തുവണ്ടിയിൽ പഴങ്ങൾ വിൽക്കുന്ന സ്ത്രീയാണ് തന്‍റെ കുട്ടികളെ റോഡരികിലിരുത്തി പഠിപ്പിക്കുന്നത്. ഇതിനിടയിൽ കച്ചവടവും നടക്കുന്നുണ്ട്. ജോലിയും കുട്ടികളുടെ കാര്യവും ഒരുമിച്ചു കൊണ്ടുപോകുന്ന അവർക്ക് ആശംസകൾ നേരുകയാണ് ലോകം. ജാർഖണ്ഡിൽനിന്നുള്ള വ്യക്തിയാണ് എക്സിൽ (ട്വിറ്റർ) വീഡിയോ പോസ്റ്റ് ചെയ്തത്.
"ബോസ്' എന്ന് എഴുതിയിരിക്കുന്ന ഒരു ഹൂഡി ജാക്കറ്റ് ആണ് അവർ ധരിച്ചിരിക്കുന്നത്. മഞ്ഞ ഷീറ്റ് വിരിച്ച് റോഡരികിലാണ് അവർ ഇരിക്കുന്നത്. തന്‍റെ മടിയിലിരുത്തി കുട്ടിയുടെ വിരൽ പിടിച്ച് അമ്മ എഴുതിക്കുന്നു. തൊട്ടടുത്ത് മറ്റൊരു കുട്ടി ഇരിക്കുന്നതു കാണാം. സ്കൂൾ ബാഗും പെനിസിൽ ബോക്സും അരികെയുണ്ട്. 28 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യമെങ്കിലും ദൃശ്യങ്ങൾ കാഴ്ചക്കാരുടെ ഹൃദയത്തെ സ്പർശിക്കുന്നു. ദൃശ്യങ്ങൾ കണ്ട് യുവതിക്ക് വമ്പൻ സല്യൂട്ട് നൽകി നെറ്റിസൺസ്. ദൃശ്യങ്ങളും അമ്മയുടെ ആംഗ്യവും സ്വയം സംസാരിക്കുന്നതിനാൽ ക്ലിപ്പിന് അടിക്കുറിപ്പ് നൽകാൻ തനിക്കു വാക്കുകളില്ലെന്ന് വീഡിയോ പങ്കിട്ടു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് കുമാർ പറഞ്ഞു.
आज कैप्शन के लिये मेरे पास शब्द ही नहीं हैं..!!
— Sanjay Kumar, Dy. Collector (@dc_sanjay_jas) August 29, 2023
#मां #Respectfully pic.twitter.com/8A3WEFmAMg