അരുണാചലിലും നാഗാലാൻഡിലും അഫ്സ്പ ആറ് മാസത്തേക്കുകൂടി നീട്ടി; ഉത്തരവിറക്കി കേന്ദ്ര സർക്കാർ
അരുചാൽപ്രദേശിലേയും നാഗാലാൻഡിലേയും പ്രദേശങ്ങളിൽ സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമമായ 'അഫ്സ്പ' (AFSPA) ആറ് മാസത്തേക്കുകൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. നാഗാലാൻഡിലെ എട്ട് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളിലും മറ്റ് ചില പ്രദേശങ്ങളിലും ക്രമസമാധാനനില അവലോകനം ചെയ്തശേഷമാണ് ആറ് മാസത്തേക്ക് കൂടി അഫ്സ്പ നീട്ടിയത്.
സായുധ സേനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് അഫ്സ്പ പ്രകാരം ഒരു പ്രദേശത്തെയോ ജില്ലയെയോ 'അസ്വസ്ഥമായ പ്രദേശം' എന്ന നിലയ്ക്കാണ് പ്രഖ്യാപിക്കുക. ഇത്തരത്തിൽ അഫ്സ്പ പ്രഖ്യാപിച്ച പ്രദേശത്ത് സായുധസേനകൾക്ക് പൊതു ക്രമസമാധാന പരിപാലനത്തിന് ആവശ്യമെന്ന് തോന്നുകയാണെങ്കിൽ തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരം ഈ നിയമം നൽകുന്നു. ജമ്മു കശ്മീരിൽ അഫ്‌സ്പ പ്രാബല്യത്തിലുണ്ടെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 70 ശതമാനം പ്രദേശങ്ങളിലും അഫ്സ്പ നീക്കംചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.