ബൈക്ക് അഭ്യാസം മേൽപ്പാലത്തിൽ; പൊറുതിമുട്ടിയ യാത്രക്കാർ ബൈക്ക് താഴേക്കെറിഞ്ഞു
സമൂഹമാധ്യമങ്ങളിൽ താരമാകാൻ എന്തും കാണിക്കാൻ മടിയില്ലാത്തവരാണ് പുതുതലമുറക്കാർ. ഇതിൽആൺ-പെൺ വ്യത്യാസമില്ല. ഡിജിറ്റൽ കണ്ടൻറിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ബംഗളൂരു നഗരത്തിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കൾക്കു നാട്ടുകാർ കൊടുത്ത എട്ടിൻറെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയൽ തരംഗം.
തുമക്കുരു ദേശീയപാതയിലെ മേൽപ്പാലത്തിൽ വച്ചാണ് ബൈക്ക് സ്റ്റണ്ട് നടത്തുകയും വീഡിയോ ഷൂട്ട് ചെയ്തതും. യുവാക്കളുടെ റോഡിലെ പ്രകടനത്തിൽ റോഡ് ബ്ലോക്ക് ആയി. ആളുകൾ ബൈക്ക് അഭ്യാസം അവസാനിപ്പിക്കാൻ പറഞ്ഞിട്ടും യുവാക്കൾ കൂട്ടാക്കിയില്ല. യുവാക്കളും നാട്ടുകാരും തമ്മിൽ വാക്കേറ്റം വരെയുണ്ടായി.
യുവാക്കളുടെ ഭീഷണിയിൽ പ്രകോപിതരായ നാട്ടുകാർ പാലത്തിൻറെ കൈവരിയിൽനിന്നു താഴേക്കു ബൈക്ക് എറിയുകയായിരുന്നു. താഴേക്കുവീണ ബൈക്കിനു സാരമായ തകരാറുകൾ സംഭവിച്ചു. തടി കേടാകുമെന്ന ഘട്ടമെത്തിയപ്പോൾ യുവാക്കൾ പിൻവലിയുകയായിരുന്നു. യാത്രക്കാരുടെ ജീവനു ഭീഷണിയുയർത്തിയാണ് യുവാക്കൾ ബൈക്ക് സ്റ്റണ്ട് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.