ഇലോൺ മസ്‌കിന് താൽപര്യമുണ്ട്; ടെസ്ല ഗുജറാത്തിൽ നിക്ഷേപം നടത്തുമെന്ന സൂചനയുമായി മന്ത്രി
ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഗുജറാത്തിൽ നിക്ഷേപം നടത്തുമെന്ന സൂചനയുമായി മന്ത്രി ഋഷികേശ് പട്ടേൽ. കാബിനറ്റ് യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
''ഗുജറാത്ത് സർക്കാർ വളരെ പ്രതീക്ഷയിലാണ്. ടെസ്ലയുടെ സ്ഥാപകനായ ഇലോൺ മസ്‌കിന് നമ്മുടെ സംസ്ഥാനത്തോട് താൽപര്യമുണ്ട്. അവർ നമ്മുടെ സംസ്ഥാനത്ത് വരുമെന്ന് പ്രതീക്ഷിക്കാം. ടെസ്ല വരുന്നത് ഗുജറാത്തിന്റെ വികസനത്തിന് നല്ലതാണ്. അവർ ഇവിടേക്ക് വരികയാണെങ്കിൽ നമ്മൾ അവരെ സ്വാഗതം ചെയ്യും.
മറ്റ് കാർ നിർമാതാക്കളും നിർമാണ യൂണിറ്റുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഗുജറാത്തിലെ സർക്കാരും ജനങ്ങളും വ്യവസായ സൗഹൃദമാണ്. ടാറ്റ, ഫോഡ്, സുസുക്കി എന്നീ കമ്പനികളാണ് ഗുജറാത്തിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നത്''- മന്ത്രി പറഞ്ഞു.
ജനുവരിയിൽ ഗുജറാത്തിൽ നടക്കാനിരിക്കുന്ന 'വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി'യിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഗുജറാത്തിനു പുറമെ മഹാരാഷ്ട്രയും തമിഴ്നാടും ടെസ്ലയുടെ പരിഗണനയിലുണ്ട്.