വോട്ടിങ് ശതമാനത്തിൽ പൊരുത്തക്കേടുണ്ടെന്ന് കാട്ടി 'ഇന്ത്യ' നേതാക്കൾക്ക് ഖാർഗെയുടെ കത്ത്; മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
വോട്ടിങ് ശതമാനത്തിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 'ഇന്ത്യ' മുന്നണിയിലെ നേതാക്കൾക്കയച്ച കത്തിനുനേരേ വിമർശനവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പുവേളയിൽ തെറ്റായ രാഷ്ട്രീയ ആഖ്യാനത്തിനാണ് ഖാർഗെ ശ്രമിച്ചതെന്നും ഇത്തരം ആരോപണങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും കമ്മിഷൻ ഖാർഗെയ്ക്കയച്ച കത്തിൽ മുന്നറിയിപ്പുനൽകി.
ആദ്യഘട്ടത്തിലെയും രണ്ടാംഘട്ടത്തിലെയും അന്തിമ വോട്ടിങ് ശതമാനം വൈകുന്നതിൽ ഖാർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കമ്മിഷനുനേരേ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. ശതമാനം വൈകിയാണ് പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഖാർഗെ ഇന്ത്യ മുന്നണി നേതാക്കൾക്കയച്ച കത്തിൽ ചരിത്രത്തിലെ ഏറ്റവുംമോശമായ അവസ്ഥയിലാണ് കമ്മിഷനെന്ന് വിമർശിച്ചിരുന്നു. വോട്ടിങ് ശതമാനത്തിലുള്ള വ്യത്യാസം ക്രമക്കേടിനു കാരണമാവുമെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ഇതിനെതിരേയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സീനിയർ പ്രിൻസിപ്പൽ സെക്രട്ടറി ഖാർഗെയ്ക്ക് കത്തയച്ചത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാൻ ഇത്തരം പരാമർശങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് കത്തിലാവശ്യപ്പെട്ടു.
ആദ്യഘട്ടങ്ങളിലെ അന്തിമ വോട്ടിങ് ശതമാനം വൈകിയതിലും വോട്ടർപട്ടിക വെബ്‌സൈറ്റിൽ ലഭ്യമാവാത്തതിലും തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് ഇന്ത്യ നേതാക്കൾക്കെഴുതിയ കത്ത് ഖാർഗെ 'എക്സി'ൽ പങ്കുവെച്ചിരുന്നു.