Begin typing your search...

‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിങ് ഇന്ത്യ’ എന്ന് കമന്റ്; എൻഐടി പ്രഫസർക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകി

‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിങ് ഇന്ത്യ’ എന്ന് കമന്റ്; എൻഐടി പ്രഫസർക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫെയ്‌സ്ബുക്കിൽ കമന്റിട്ട എൻഐടി പ്രഫസർക്കെതിരെ പൊലീസിൽ പരാതി നൽകി ഡിവൈഎഫ്‌ഐ. കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനാണ് ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന പോസ്റ്റിനടിയിൽ വിവാദ കമന്റിട്ടത്. പ്രഫസർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മിഷണർക്കാണ് ഡിവൈഎഫ്‌ഐ പരാതി നൽകിയത്. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. എൽ.ജി. ലിജീഷാണ് പരാതിക്കാരൻ.

അഡ്വ. കൃഷ്ണരാജ് എന്നയാൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ അടിയിൽ കമന്റായി, 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിങ് ഇന്ത്യ' എന്ന് ഷൈജ ആണ്ടവൻ കുറിച്ചുവെന്നാണ് പരാതി. ഹിന്ദുമഹാസഭാ പ്രവർത്തകൻ നാഥുറാം വിനായകെ ഗോഡ്‌സെ ഭാരതത്തിലെ ഒരുപാടു പേരുടെ ഹീറോ എന്ന പോസ്റ്റിനടയിലായിരുന്നു വിവാദ കമന്റ്. ഗാന്ധിയെ കൊന്നതിന് വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടയാളാണ് ഗോഡ്‌സെ എന്നിരിക്കെ, രാജ്യത്തെ രക്ഷിച്ചത് ഗോഡ്‌സെ എന്നു പറയുക വഴി രാജ്യദ്രോഹ കുറ്റമാണ് പ്രഫസർ ചെയ്തിരിക്കുന്നതെന്നാണ് പരാതി. സമൂഹത്തിൽ ബോധപൂർവം സ്പർധ വളർത്തി കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അതിനാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

കോഴിക്കോട് എൻഐടി കോളജ് പ്രഫ. ഷൈജ ആണ്ടവൻ ജനുവരി 30ന് ഗാന്ധി രക്തസാക്ഷി ദിനത്തിൽ അഡ്വ. കൃഷ്ണരാജിന്റെ സോഷ്യൽ മീഡിയയിൽ ഹിന്ദുമഹാസഭാ പ്രവർത്തകൻ നാഥുറാം വിനായകെ ഗോഡ്‌സെ ഭാരതത്തിലെ ഒരുപാടു പേരുടെ ഹീറോ എന്ന പോസ്റ്റിനടയിൽ കമന്റായി 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിങ് ഇന്ത്യ' എന്ന് എഴുതുകയുണ്ടായി. ഫെബ്രുവരി 2-ാം തീയതി ഒരു ഓൺലൈൻ ചാനൽ ഇത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിയെ വെടിവച്ചു കൊന്നതിന് നാഥുറാം വിനായക ഗോഡ്‌സെ പിന്നീട് വധശിക്ഷയ്ക്ക് വിധേയമാവുകയും ചെയ്തതാണ്. രാജ്യത്തെ രക്ഷിച്ചത് ഗോഡ്‌സെ എന്ന് പറയുക വഴി രാജ്യദ്രോഹ കുറ്റമാണ് ഇവർ ചെയ്തിട്ടുള്ളത്. മാത്രവുമല്ല, സമൂഹത്തിൽ ബോധപൂർവം സ്പർധ വളർത്തി കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്. ആയതുകൊണ്ട് മേൽ വിഷയത്തിൽ കർക്കശമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. പ്രാണപ്രതിഷ്ഠാ ദിനത്തിൽ സംഘപരിവാർ അനുകൂല വിദ്യാഥി കൂട്ടായ്മ ജയ് ശ്രീറാം എന്നു മുദ്രാവാക്യം മുഴക്കുകയും കാവി നിറത്തിൽ ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിദ്യാർഥി സംഘർഷത്തിനു പിന്നാലെയായിരുന്നു ഈ സംഭവം. പ്രഫസറുടെ കമൻറ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

WEB DESK
Next Story
Share it