അമ്മായിയമ്മ പാടില്ല; വരന് വാർഷിക വരുമാനം 80 ലക്ഷം, വീട്ടുജോലി ചെയ്യില്ല: രണ്ടാം കെട്ടുകാരിയുടെ വിവാഹ പരസ്യത്തെ ട്രോളി നെറ്റിസൺസ്
ഉത്തരേന്ത്യൻ യുവതിയുടെ വിവാഹപ്പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. വരന് ഉണ്ടായിരിക്കേണ്ട യോഗ്യതകളും യുവതിയുടെ ആവശ്യങ്ങളുമാണു ജനങ്ങൾക്കിടയിൽ കൗതുകമായത്. എംഎ-ബിഎഡ് യോഗ്യതയുള്ള വിവാഹമോചിതയാണു വധു. അവരുടെ വാർഷിക വരുമാനം 1.3 ലക്ഷമാണ്.
വിവാഹമോചിതയുടെ ആവശ്യങ്ങളാണു കൗതുകവും ചിലർക്കു വൻ തമാശയായും തോന്നിയത്. ഒന്നാമത്തെ ആവശ്യം വരൻ രണ്ടാംകെട്ടുകാരനാകരുത് എന്നാണ്. വരന് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. അമേരിക്കയിലോ, യുറോപ്പിലോ മറ്റു വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവർക്കു മുൻഗണന. എംബിഎ, എംഎസ് തുടങ്ങിയവയാണു വരന് ഉണ്ടായിരിക്കേണ്ട യോഗ്യത. ഇന്ത്യയിലാണെങ്കിൽ 30 ലക്ഷം രൂപ വാർഷിക വരുമാനം വേണം. വിദേശത്താണെങ്കിൽ 80 ലക്ഷം. തൻറെ മാതാപിതാക്കൾക്കു മൂന്നു മുറികളുള്ള വീടു വാങ്ങി നൽകണം. മാത്രമല്ല, അവരുടെ ചെലവിനായി പതിനായിരങ്ങൾ മാസം നൽകണം.
ആഡംബര കാറുകൾ വേണം. ധാരാളം യാത്രകൾ ചെയ്യാൻ അനുവദിക്കണം. യാത്രാവേളകളിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ മാത്രമേ താമസിക്കുകയുള്ളു. കഴിക്കാനും ഫൈവ് സ്റ്റാർ ഫുഡ് തന്നെ വേണം. പാചകം, വസ്ത്രം കഴുകൽ ഉൾപ്പെടെയുള്ള വീട്ടുജോലികൾ ചെയ്യില്ല. അതിനെല്ലാം പ്രത്യേകം ജോലിക്കാരെ വീട്ടിൽ നിയമിക്കണം.
യുവതി പറഞ്ഞ മറ്റൊരു കാര്യമാണ് എല്ലാവരിലും പൊട്ടിച്ചിരി പടർത്തിയത്. ഭർത്താവിൻറെ മാതാപിതാക്കൾക്കൊപ്പം താമസിക്കില്ല. അമ്മായിയമ്മയോടൊപ്പം ഒരിക്കലും താമസിക്കാൻ കഴിയില്ല. ഇവരെ പരിചരിക്കാൻ താത്പര്യമില്ല. അവരുടെ ആരോഗ്യകാര്യങ്ങൾ തൻറെ ഉത്തരവാദിത്തമല്ലെന്നും അതിനെല്ലാം പ്രത്യേകം ജോലിക്കാരെ വയ്ക്കണമെന്നും യുവതി ആവശ്യപ്പെടുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലായ പോസ്റ്റിനു നിരവധി വിമർശനങ്ങളും ആക്ഷേപങ്ങളുമാണു പ്രതികരണമായി ലഭിച്ചുകൊണ്ടിരിക്കുന്നത്.