മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് അതിഷി, ഇരുന്നത് മറ്റൊരു കസേരയിൽ; ബിജെപിക്കെതിരെ രൂക്ഷ വിമർശനം
ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട അതിഷി മറ്റൊരു കസേരയിലാണ് ഇരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കേജ്രിവാൾ തിരിച്ചെത്താനായി കസേര ഒഴിച്ചിടുന്നുവെന്നാണ് ഇതേക്കുറിച്ച് അവർ പ്രതികരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് അതിഷി ഉയർത്തിയത്. ബിജെപിയും ഗവർണറും ഡൽഹിയുടെ വികസനം തടയുകയാണെന്ന് അവർ ആരോപിച്ചു.
എന്നാൽ, തടസപ്പെട്ട വികസന പ്രവർത്തനങ്ങളെല്ലാം ഉടനടി പുനരാരംഭിക്കുമെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് താൻ ഉറപ്പ് നൽകുന്നുവെന്നും അതിഷി വ്യക്തമാക്കി.ബിജെപിയും ഗവർണർ സക്സേനയും ഡൽഹിയിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും ആശുപത്രിയിലേയ്ക്ക് മരുന്നുകൾ എത്തിക്കുന്നതും തടഞ്ഞു. മാത്രമല്ല, മൊഹല്ല ക്ലിനിക്കിലെ പരിശോധനകളും ഡൽഹി മാലിന്യ ശേഖരണവുമെല്ലാം തടസപ്പെടുത്തി. ഇപ്പോൾ കേജ്രിവാൾ ജയിലിലല്ല എന്ന് ബിജെപിയെ ഓർമപ്പെടുത്തിയ അതിഷി മുടങ്ങിക്കിടന്ന എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കുമെന്നും ജനങ്ങൾക്ക് ഉറപ്പ് നൽകി.