രേണുക സ്വാമി കൊലക്കേസ്; മജിസ്‌ട്രേട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ദർശനും പവിത്ര ഗൗഡയും
കർണാടകയെ പിടിച്ചു കുലുക്കിയ രേണുക സ്വാമി കൊലക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൊഗുദീപയെ കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്‌ട്രേട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞു. ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും പലവട്ടം മജിസ്‌ട്രേട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞു. ഇരുവരെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
പൊലീസുകാർ മോശമായി പെരുമാറിയോ എന്ന് ജഡ്ജി വിശ്വനാഥ് സി. ഗൗഡർ ഇവരോട് ആരാഞ്ഞു. ഇല്ലെന്നായിരുന്നു മറുപടി. 10 ദിവസത്തേക്കാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ ചോദിച്ചിരുന്നത്. ജൂൺ 17 വരെ കസ്റ്റഡി തുടരും.
അതേസമയം, കൊല്ലപ്പെട്ട രേണുകസ്വാമി നടൻ ദർശൻ തൊഗുദീപയുടെ കടുത്ത ആരാധകനാണെന്നും പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധന കാരണമാണ് നടി പവിത്ര ഗൗഡയുമായുള്ള സൗഹൃദത്തെ എതിർത്തതെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നു. ഇരുവരെയും ചേർത്ത് അപകീർത്തികരമായ കമന്റുകൾ പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു.
ദർശനുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങൾ പവിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ രേണുകസ്വാമി ചോദ്യം ചെയ്തിരുന്നു. ദർശൻ ഫാൻസ് അസോസിയേഷൻ ചിത്രദുർഗ ജില്ലാ പ്രസിഡന്റ് രാഘവേന്ദ്രയാണ് കൊല്ലപ്പെട്ട രേണുക സ്വാമിയെ ദിവസങ്ങളോളം പിന്തുടർന്നു പിടികൂടി ബെംഗളൂരുവിൽ എത്തിച്ചത്.
ദർശന്റെ മാനേജർ പവന്റെ നിർദേശത്തെ തുടർന്നാണിത്. കഴിഞ്ഞ 8ന് രേണുകസ്വാമിയെ ചിത്രദർഗയിൽ നിന്നു കാണാതായതിനെ തുടർന്ന് അച്ഛൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. 9 നു കാമാക്ഷിപാളയയിൽ നിന്നു മൃതദേഹം കണ്ടെടുത്തത് പരിസരത്തെ അപ്പാർട്‌മെന്റിലെ സുരക്ഷാ ജീവനക്കാരനാണ്. മുഖമാകെ നായ കടിച്ച നിലയിലായിരുന്നു. മൃതദേഹം ചിത്രദുർഗ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ദർശനിലേക്ക് എത്തിയത്.
ദർശനും മാനേജർ പവനും നടത്തിയ ഫോൺ കോളുകളും മറ്റു ഡിജിറ്റൽ രേഖകളുമാണ് അറസ്റ്റിലേക്ക് എത്തിച്ചത്. രേണുകസ്വാമിയെ മർദ്ദിച്ച് അവശനാക്കിയ കൊലയാളി സംഘം തലയ്ക്ക് ക്ഷതമേൽപ്പിച്ചും ചുട്ടുപഴുപ്പിച്ച ഇരുമ്പു ദണ്ഡു കൊണ്ട് കൈകാലുകളിൽ പരുക്കേൽപ്പിച്ചുമാണ് കൊലപാതകം നടത്തിയത്.
നേരത്തെ ദർശന്റെ 2 സിനിമകളുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ച വിജനമായ 5 ഏക്കർ പറമ്പിലെ ഷെഡിലാണ് കൊലപാതകം നടന്നത്. ദർശന്റെ വീടിനു 2 കിലോമീറ്റർ ചുറ്റളവിലാണിത്. 7 ദിവസത്തേക്ക് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്ത ദർശനെയും കൂട്ടാളികളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.