സുരക്ഷാ ഭീഷണി; എൻ ചന്ദ്രബാബു നായിഡുവിന് ജയിലിൽ പ്രത്യേക മുറിയും വീട്ടിൽ നിന്നുളള ഭക്ഷണവും
അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന് ജയിലിൽ വിപുലമായ സൗകര്യങ്ങൾ. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിക്കാണ് കോടതി ജയിലിൽ പ്രത്യേക മുറിയും വീട്ടിൽ നിന്നുളള ഭക്ഷണവും നൽകാൻ അനുമതി കൊടുത്തത്. സുരക്ഷാഭീഷണി പരിഗണിച്ചാണ് രാജാമഹേന്ദ്രവാരം സെൻട്രൽ പ്രിസൺ സൂപ്രണ്ടിന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. ഈ മാസം 22ന് നായിഡുവിനെ കോടതിയിൽ ഹാജരാക്കും. നായിഡുവിനെ ജയിലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് എക്സിൽ വികാരനിർഭരമായി പ്രതികരിച്ചിരുന്നു."എന്റെ കോപം പതഞ്ഞുപൊങ്ങുന്നു,രക്തം തിളയ്ക്കുന്നു,രാജ്യത്തിനും തെലുങ്ക് ജനതയ്ക്കും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്ന തന്റെ പിതാവ് ഇപ്പോൾ അനീതിക്ക് ഇരയായിരിക്കുന്നത് എന്തുകൊണ്ടാണ്" എന്നാണ് ലോകേഷിന്റെ കുറിപ്പ്.
ആന്ധ്രയിൽ നടപ്പിലാക്കിയ നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടിയുടെ അഴിമതി നടത്തിയതിനെ തുടർന്നാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചയോടെയാണ് നായിഡുവിനെ നന്ദ്യാൽ ജില്ലയിലെ ഗാനപുരത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് അഴിമതിക്കേസുകൾ വിചാരണ ചെയ്യുന്ന കോടതിയിൽ ഹാജരാക്കിയത്.