ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു, മറ്റൊരു പുരുഷനൊപ്പം താമസം: യുവതിയെ മർദിച്ച് തൃണമൂൽ നേതാവ്, ന്യായീകരിച്ച് എംഎൽഎ
പൊതുമധ്യത്തിൽ യുവതിയെയും യുവാവിനെയും മർദിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. ബംഗാളിലെ ഉത്തരദിനാശ്പൂരിലെ ചൊപ്രയിലാണു സംഭവം. ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാൾക്കൊപ്പം ജീവിച്ചു എന്നാരോപിച്ചാണു തൃണമൂൽ നേതാവ് താജ്മൂലിന്റെ നേതൃത്വത്തിൽ സംഘം യുവതിയെ മർദിച്ചത്. യുവതിയുടെ പ്രവൃത്തി സമൂഹത്തിനു യോജിച്ചതല്ലെന്നും മർദനത്തിൽ തെറ്റു പറയാനാവില്ലെന്നും വ്യക്തമാക്കി തൃണമൂൽ എംഎൽഎയും സംഭവത്തെ ന്യായീകരിച്ചു.
ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു മറ്റൊരു പുരുഷനൊപ്പം താമസം തുടങ്ങി എന്നാരോപിച്ചാണു ചൊപ്രയിൽ സ്ത്രീയെയും അവർക്കൊപ്പമുണ്ടായിരുന്ന പുരുഷനെയും പൊതുമധ്യത്തിൽ ആൾക്കൂട്ടം വിചാരണ നടത്തിയത്. ഇതിനുശേഷം പാർട്ടി നേതാവ് മുളവടികൊണ്ട് ഇരുവരെയും അടിക്കുകയായിരുന്നു. അടികൊണ്ട് അവശയായി വീണ സ്ത്രീയെ ഇയാൾ നിലത്തിട്ടു ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പാർട്ടി അനുഭാവികൾ തന്നെയാണു പ്രചരിപ്പിച്ചത്. പ്രതിഷേധം ശക്തമായതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇതിനു പിന്നാലെയാണ് ഉത്തരദിനാശ്പൂരിലെ ഒരു എംഎൽഎ സംഭവത്തെ ഭാഗികമായി ന്യായീകരിച്ചു രംഗത്തെത്തിയത്. സമൂഹത്തിനു ചേരാത്തവിധത്തിലുള്ള സ്ത്രീയുടെ പ്രവൃത്തിയോട് ആൾക്കൂട്ടം ഇത്തരത്തിൽ പ്രതികരിച്ചതിൽ തെറ്റു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.