Begin typing your search...

'മമതയ്ക്ക് സ്‌പെയിനിൽ പോകാൻ കഴിയും, നാട്ടുകാരുടെ 'പെയിൻ' അറിയാൻ കഴിയില്ല'; കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി 

മമതയ്ക്ക് സ്‌പെയിനിൽ പോകാൻ കഴിയും, നാട്ടുകാരുടെ പെയിൻ അറിയാൻ കഴിയില്ല; കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി 
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിജെപി വിരുദ്ധ ഇന്ത്യ മുന്നണിക്കു വേണ്ടി ഡൽഹിയിൽ കോൺഗ്രസും മമതാ ബാനർജിയും കൈകോർക്കുമ്പോൾ ബംഗാളിൽ ഇരുപാർട്ടികളും തമ്മിൽ പോര് രൂക്ഷം. മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കോൺഗ്രസ് ബംഗാൾ അധ്യക്ഷനും ലോക്‌സഭാ കക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരി രൂക്ഷമായ ആരോപണങ്ങളാണു നിരന്തരം ഉന്നയിക്കുന്നത്. ഇപ്പോൾ സംസ്ഥാനത്തു ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതിനിടെ മമത നടത്തുന്ന സ്പെയിൻ യാത്രയ്ക്കെതിരെയാണ് ചൗധരി ഒടുവിൽ രംഗത്തെത്തിയത്.

മമതയ്ക്ക് സ്പെയിനിൽ പോകാൻ കഴിയും പക്ഷേ നാട്ടുകാരുടെ 'പെയിൻ' (വേദന) അറിയാൻ കഴിയില്ലെന്ന് ചൗധരി കുറ്റപ്പെടുത്തി. ഓഗ്സ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ഡെങ്കു കേസുകൾ വ്യാപകമാകുന്നതു സംബന്ധിച്ച് ഞങ്ങൾ സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ സാധാരണക്കാരുടെ വിഷയങ്ങളെ സർക്കാർ അവഗണിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നും ചൗധരി പറഞ്ഞു.

സ്പെയിനിൽ മമത ബാനർജി ആഡംബര ഹോട്ടലിൽ താമസിക്കുന്നതിനെയും ചൗധരി വിമർശിച്ചു. ''മുഖ്യമന്ത്രി ശമ്പളമായി നയാപൈസ പോലും വാങ്ങുന്നില്ലെന്നാണ് കേട്ടിരിക്കുന്നത്. സ്വന്തം ബുക്കുകളും പെയിന്റിങ്ങുകളും വിറ്റാണ് ജീവിക്കുന്നത്. എന്നാൽ മഡ്രിഡിൽ പ്രതിദിനം മൂന്നുലക്ഷം രൂപ വാടകയുള്ള ഹോട്ടലിൽ എങ്ങനെ താമസിക്കാൻ കഴിയും. എത്ര രൂപയാണ് യാത്രയ്ക്കായി ചെലവഴിക്കുന്നത്.

ഏതു വ്യവസായിയാണ് നിങ്ങളെ സ്പെയിനിൽ എത്തിച്ചത്. ജനങ്ങളെ വിഡ്ഢികളാക്കരുത്. വിശ്വ ബംഗ്ല വ്യവസായ മീറ്റിനു വേണ്ടി നിങ്ങൾ ചെലവഴിച്ചതിന്റെ പത്തുശതമാനം തിരിച്ചുകിട്ടിയാൽ തന്നെ ബംഗാളിലെ ലക്ഷക്കണക്കിനു തൊഴിൽരഹിതർക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കും. ഏത് സ്പാനിഷ് കമ്പനിയാണ് ബംഗാളിൽ നിക്ഷേപം നടത്തുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്.''- ചൗധരി പറഞ്ഞു.

ബംഗാളിൽ അടുത്തിടെ ഡെങ്കിപ്പനി ബാധിച്ച് ആറു പേർ മരിച്ചു. ഈ വർഷം മാത്രം മുപ്പതോളം പേരാണു രോഗം ബാധിച്ചു മരിച്ചത്. കൊൽക്കത്ത, നോർത്ത് 24 പർഗനാസ്, നാദിയ, മുർഷിദാബാദ് എന്നിവിടങ്ങളിലാണ് രോഗം പടരുന്നത്.

WEB DESK
Next Story
Share it