പൗരത്വ നിയമ ഭേദഗതി; ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ നീക്കം
പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം നടത്തുന്നതായി റിപ്പോർട്ട്. പൗരത്വ അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാക്കും എന്നാണ് പുറത്ത് വരുന്ന വിവരം. വിവരങ്ങൾ നൽകുന്നതിൽ സംസ്ഥാനങ്ങളുടെ ഇപെടൽ ഒഴിവാക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. കേരളമടക്കം ആറ് സംസ്ഥാനങ്ങളാണ് പൗരത്വ നിയമ ഭേദഗതിയെ എതിർത്തിരുന്നത്. പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റില്‍ പാസാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല.
2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്‍റ് പാസാക്കിയത്. 2014 ഡിസംബർ 31ന് മുമ്പ് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ നിയമ ഭേദഗതി. എന്നാൽ ഇതിൽ മുസ്ലിങ്ങളെ പരിഗണിക്കില്ല. തുടർന്ന് 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം നടന്നിരുന്നെങ്കിലും കേന്ദ്രം പിന്നോട് പോകാന്‍ തയ്യാറായിരുന്നില്ല.