ചംപയ് സോറൻ ഇന്ന് ബിജെപിയിൽ ചേരും
മുതിർന്ന ജെഎംഎം നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ ഇന്ന് ബിജെപിയിൽ ചേരും. റാഞ്ചിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണു ചംപയ് സോറൻ പാർട്ടി അംഗത്വം എടുക്കുന്നത്. നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു എന്നാണു സോറൻ ബിജെപി പ്രവേശനത്തെക്കുറിച്ചു പറഞ്ഞത്. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കെയാണു ചംപയ് സോറന്റെ രാഷ്ട്രീയ മാറ്റമെന്നതാണു ശ്രദ്ധേയം.
താൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഹേമന്ത് സോറന്റെ ഭാര്യ കാര്യങ്ങൾ നിയന്ത്രിച്ചതിലായിരുന്നു ചംപയ് സോറന്റെ നീരസം. ജാർഖണ്ഡിൽ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ഒബിസി വിഭാഗത്തിൻറെ പിന്തുണ ലഭിച്ചിരുന്നെങ്കിലും ഗോത്ര വിഭാഗത്തിൻറെ പിന്തുണ ബിജെപിയ്ക്ക് ലഭിച്ചിരുന്നില്ല. ഈ വിഭാഗത്തിൽ നിന്നും ഒരാൾ പാർട്ടിയിലെത്തുന്നതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്ന പ്രതീക്ഷയിലാണു ബിജെപി ക്യാംപ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറൻ രാജിവെച്ചപ്പോഴാണു ചംപയ് സോറൻ മുഖ്യമന്ത്രിയായത്. എന്നാൽ ഹേമന്ദ് സോറൻ ജയിൽ മോചിതനായതോടെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു.