Begin typing your search...

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം, കുടുംബത്തെ അനുശോചനം അറിയിച്ച് കമ്പനി

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം,   കുടുംബത്തെ അനുശോചനം അറിയിച്ച് കമ്പനി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ കമ്പനിയിൽ ചേർന്ന് നാല് മാസത്തിനുള്ളിൽ തന്റെ മകൾ അന്ന സെബാസ്റ്റ്യൻ അമിത ജോലി ഭാരം കാരണം മരിച്ചു എന്ന അമ്മയുടെ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ജോലിയിലിരിക്കെ ജൂലൈ 20ന് താമസസ്ഥലത്ത് വച്ച് അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽമന്ത്രാലയം അറിയിച്ചു. 'അന്ന സെബാസ്റ്റ്യന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും. നീതി ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'- കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ എക്സിൽ കുറിച്ചു. വൈക്കം സ്വദേശിനിയായ യുവതിയുടെ മരണം സംബന്ധിച്ച് തൊഴിൽവകുപ്പ് അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം അന്ന സെബാസ്റ്റ്യന്റെ കുടുംബത്തിന് കമ്പനി അനുശോചന സന്ദേശം അയച്ചു. അന്നയുടെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്നാണ് ഇവൈ കമ്പനിയുടെ അനുശോചന സന്ദേശം. ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതിൽ കമ്പനി പ്രാധാന്യം നൽകുന്നുവെന്നും ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും കമ്പനി കത്തിൽ പറഞ്ഞു. ''കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ ഒരു നടപടിക്കും കഴിയില്ലെങ്കിലും, ദുരിത സമയങ്ങളിൽ ഞങ്ങൾ എപ്പോഴും ചെയ്യുന്നതുപോലെ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്. അത് തുടരും. അന്ന സെബാസ്റ്റ്യന്റെ ദാരുണവും അകാലത്തിലുള്ളതുമായ വേർപാടിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഞങ്ങളുടെ അഗാധമായ അനുശോചനം ദുഃഖിതരായ കുടുംബത്തെ അറിയിക്കുന്നു.

അന്നയുടെ കുടുംബത്തിന്റെ കത്ത് ഞങ്ങൾ അതീവ ഗൗരവത്തോടെയും വിനയത്തോടെയും എടുക്കുന്നു. എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിന് ഏറ്റവും ഉയർന്ന പ്രാധാന്യം നൽകുന്നു. ഇന്ത്യയിലെ ഇവൈ സ്ഥാപനങ്ങളിലുടനീളമുള്ള ഞങ്ങളുടെ പതിനായിരത്തോളം ജീവനക്കാർക്ക് ആരോഗ്യകരമായ ജോലിസ്ഥലം നൽകുന്നതിനുള്ള വഴികൾ കണ്ടെത്തുന്നത് തുടരും'' - കമ്പനി കത്തിൽ വ്യക്തമാക്കി. ഇവൈ അധികൃതർ അന്നയുടെ മാതാപിതാക്കളെ കൊച്ചിയിലെത്തി സന്ദർശിക്കും. മകളുടെ മരണത്തിനു കാരണമായത് കമ്പനിയിലെ അമിത ജോലിഭാരവും അനാരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷവുമാണെന്ന് ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമനിക്ക് അയച്ച കത്തിൽ അന്നയുടെ മാതാവ് അനിത ആരോപിച്ചിരുന്നു. മരണശേഷം നാലു മാസത്തോളമായി കമ്പനി തുടരുന്ന മനോഭാവത്തെയും ഇവർ കുറ്റപ്പെടുത്തി. മകൾ മരിച്ചിട്ട് കമ്പനിയിൽനിന്ന് ഒരാൾ പോലും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. മാർച്ചിലാണ് അന്ന ഇവൈ ഇന്ത്യയുടെ ഭാഗമാകുന്നത്. നാലു മാസത്തിനിപ്പുറം ജൂലൈയിൽ അന്ന മരിച്ചു. പുണെയിൽ ഇവൈ ഗ്ലോബലിന്റെ സഹസ്ഥാപനമായ എസ്ആർ ബാറ്റ്‌ലിബോയിയിലെ ഓഡിറ്റ് ടീമിന്റെ ഭാഗമായിരുന്നു.

WEB DESK
Next Story
Share it