സമൂഹമാധ്യമങ്ങളിൽ നെഗറ്റീവ് വികാരം; ഇന്ത്യയിലുള്ള പൗരന്മാർക്കു മുന്നറിയിപ്പുമായി കാനഡ
ഇന്ത്യയിലുള്ള പൗരന്മാർക്കു ജാഗ്രതാ നിർദേശം നൽകി കാനഡ. യാത്രകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാണു നിർദേശം. രണ്ടു രാജ്യങ്ങളിലെയും സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണു നടപടിയെന്നാണു വിശദീകരണം. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം കഴിഞ്ഞ ദിവസം കാനഡ തള്ളിയിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിത് എന്നായിരുന്നു കാനഡയുടെ പ്രതികരണം. ഇതിനു ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യയിലുള്ള കനേഡിയൻ പൗരന്മാർക്കു മുന്നറിയിപ്പ് നൽകിയതെന്നതു ശ്രദ്ധേയമാണ്.
വീസ നടപടികൾ ഇന്ത്യ നിർത്തിവച്ചതും പ്രതിഷേധങ്ങൾക്കുള്ള സാധ്യതയും കണക്കിലെടുത്താണു കാനഡയുടെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിൽ കാനഡയ്‌ക്കെതിരെ നെഗറ്റീവ് വികാരം പ്രചരിക്കുന്നതു കണക്കിലെടുക്കണമെന്നും സർക്കാർ പറയുന്നു. കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്തായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ-കാനഡ ബന്ധം ആടിയുലഞ്ഞത്.